യുഎഇ: പ്രവാസി മലയാളികളുടെ സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക നേട്ടവും മുൻ നിർത്തി കെ.എസ്.എഫ്.ഇ. 2018 ൽ ആരംഭിച്ച പദ്ധതിയാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി. പ്രവാസി മലയാളികൾ, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിലെ പ്രവാസി മലയാളികൾ ഈ പദ്ധതിയെ ഹൃദയംഗമമായി സ്വീകരിക്കുകയുണ്ടായി. ഇക്കാലയളവിൽ പ്രവാസികളുടെ പ്രിയപ്പെട്ട സാമ്പത്തിക ഉല്പന്നമായി മാറാൻ ഈ പദ്ധതിയ്ക്കായിട്ടുണ്ട്.
കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടി കൂടുതൽ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനും ആ സാമ്പത്തിക ഉല്പന്നത്തിന്റെ മേന്മയും സുരക്ഷിതത്വവും അവരിൽ എത്തിക്കുന്നതിനും വേണ്ടി ഇപ്പോൾ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജനും മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ. സനിലും കെ.എസ്.എഫ്.ഇ. ഡയറക്ടർമാരായ അഡ്വ.യു .പി ജോസഫും അഡ്വ എം.സി.രാഘവനും ആർ മുഹമ്മദ്ഷായും കെ.എസ്.എഫ്.ഇ. ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം ജിസിസി രാജ്യങ്ങളിൽ പര്യടനം നടത്തുകയാണ്. 2024 ഒക്ടോബർ 3 ന് ആരംഭിച്ച ഈ പര്യടനം 11 നാണ് അവസാനിക്കുക. ഇക്കാലയളവിൽ ഒക്ടോബർ 3, 4, 5, 6, 7, 8,9, 10 തിയ്യതികളിൽ യഥാക്രമം ദമാം, റിയാദ് ജെദ്ദ, ദോഹ, കുവൈത്ത്, ബഹറിൻ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിൽ പ്രവാസി മീറ്റ് നടത്തുകയുണ്ടായി. അതിൽ ദമാം, റിയാദ്, ജെദ്ദ, ദോഹ, കുവൈത്ത്, ബഹറിൻ എന്നിവിടങ്ങളിൽ നടന്ന പ്രവാസി മീറ്റിൽ കേരള ധനമന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇ. യുടെ ഒരു പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങും റിയാദിൽ വെച്ച് ധനമന്ത്രി നിർവ്വഹിച്ചു. കെ.എസ്.എഫ്.ഇ. ഡ്യുവോ എന്ന പേരിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരേ സമയം ചിട്ടിയുടേയും നിക്ഷേപത്തിന്റേയും ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. പ്രവാസിച്ചിട്ടിയുമായി ബന്ധിപ്പിച്ച് ആരംഭിക്കുന്ന ഈ പദ്ധതി അതിനാൽ തന്നെ പ്രവാസി മലയാളികൾക്ക് അങ്ങേയറ്റം പ്രയോജനപ്രദമായ ഒന്നാണ് ഇന്നലെ ദുബായിലെ അൽഖരി ഹോട്ടലിൽ വൈകീട്ട് 5 മണിക്ക് നടന്ന പ്രവാസി മലയാളി സംഗമത്തിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജൻ,മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ എന്നിവരോടൊപ്പം കെ.എസ്.എഫ്.ഇ ഡയറക്ടർമാരായ അഡ്വ.യു പി ജോസഫ്, അഡ്വ.എം .സി രാഘവൻ, ആർ. മുഹമ്മദ്ഷാ എന്നിവർ പങ്കെടുത്തു.
ഇടപാടുകാർക്ക് സാമ്പത്തികാദായം ലഭിക്കുന്നതിനൊപ്പം പ്രവാസിച്ചിട്ടിയിലൂടെ കെ.എസ്.എഫ്.ഇ.യിൽ എത്തുന്ന പണം കിഫ്ബി വഴി കേരള സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപകരിക്കുകയും ചെയ്യുന്നു. അതായത് ഒരേ സമയം സാമ്പത്തികാദായവും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ പങ്കാളിത്തവും ഇതു വഴി പ്രവാസിമലയാളികൾക്ക് ലഭിക്കുന്നു.
പ്രവാസി മലയാളികൾക്ക് തങ്ങളുടെ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്
ഉപയുക്തമായ ഉത്തമ സമ്പാദ്യ പദ്ധതി എന്ന നിലയിൽ പ്രവാസിച്ചിട്ടിയെ ജിസിസി രാജ്യങ്ങളിൽ വ്യാപിപ്പിക്കുന്നതിനായി പ്രവാസി മീറ്റിലൂടെ ഏജൻസി സമ്പ്രദായം വിപുലീകരിക്കുന്നതിനും കെ.എസ്.എഫ്.ഇ. ഉദ്ദേശിക്കുന്നുണ്ട്.