കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിംഗിൽ പ്രിൻസിപ്പലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എ ടി, അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിലേറെ നീണ്ട അതിക്രൂരമായ റാഗിംഗാണ് ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ നടന്നത്.
ഫെബ്രുവരി 9നും സമാന രീതിയിൽ റാഗിംഗ് നടന്നിരുന്നതായാണ് റിപ്പോർട്ട്. അതേസമയം ഹോസ്റ്റൽ വാർഡന്റെ മൊഴിയിൽ സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി.കേസിൽ ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
റാഗിംഗ് നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത 118, 308, 350 എന്നീ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.