കൊച്ചി: കേരളത്തിലെ ആദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിക്കാൻ വഴിയൊരുങ്ങുന്നു. ഇടുക്കി – കൊച്ചി റൂട്ടിലാണ് സീ പ്ലെയിൻ സർവ്വീസ്. കൊച്ചി കായലിൽ നിന്നും പറന്നുയരുന്ന സീ പ്ലെയിൻ ഒന്നരമണിക്കൂറിൽ ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് പറന്നിറങ്ങും.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീപ്ലെയിനുകൾ. കേരളത്തിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൊച്ചിയേയും മൂന്നാറിനേയും ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന മാർഗ്ഗമായി പുതിയ ജലവിമാന പാത മാറും.
നീളമേറിയ റണ്‍വേകളും എയർ സ്ട്രിപ്പ് പരിപാലനവും അടക്കം ഭാരിച്ച ചിലവുകളില്ല എന്നതാണ് സീ പെയ്ലിനുകളെ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. അടുത്ത ഘട്ടത്തിൽ പാലക്കാട്ടെ മലമ്പുഴ ഡാം, ആലപ്പുഴയിലെ വേമ്പനാട് കായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരം കോവളം, കേരളത്തിലെ പ്രമുഖ ജലാശയങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധപ്പെടുത്തി സീപ്ലെയിൻ സർവ്വീസ് സർക്യൂട്ട് വിപുലപ്പെടുത്താനാവും എന്ന പ്രതീക്ഷയിലാണ് സർക്കാർ. തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കാണ് കൊച്ചി കായലിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് സീപ്ലെയിൻ ടേക്ക് ഓഫ് ചെയ്യുക.