തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് കെ കെ രമ ആരോപിച്ചു. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ്. മുഖ്യമന്ത്രി സഭയിൽ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് അവർ പറഞ്ഞു. പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോർജ് മറുപടി നൽകി. 2 പ്രതികൾ അറസ്റ്റിലായി.
കാലടി കോളേജിലെ പെൺകുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു. സർക്കിരിന് കുറ്റകൃത്യങ്ങളോട് ഒരൊറ്റ നിലപാടേ ഉള്ളു. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. പ്രാദേശിക സിപിഎം പ്രതികളെ സംരക്ഷിക്കുന്നില്ല. കെസിഎയിൽ കുട്ടികളെ പീഡിപ്പിച്ച കോച്ച് ഇപ്പോൾ ജയിലിലാണ്. പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് കാലത്ത് സൈബർ ആക്രമണത്തിന്റെ ഇര ആണ് താൻ എന്നും വീണ ജോർജ് പറഞ്ഞു. ഇടത് നേതാക്കൾക്ക് എതിരെ സൈബർ ആക്രമണം നടത്തിയവർക്ക് കോൺഗ്രസ് പിന്നീട് പദവി നൽകി. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് കാലത്തു ഇടത് സ്ഥാനാർഥിക്കെതിരെ മോർഫ് ചെയ്തു ചിത്രം പ്രചരിപ്പിച്ചു. വടകരയിൽ കെ കെ ഷൈലജക്ക് എതിരെ ആർഎംപി നേതാവ് പറഞ്ഞത് എന്താണെന്നും അവർ ചോദിച്ചു.
മന്ത്രിയുടെ വിശദീകരണത്തിൻറെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
കെ കെ രമ അവതരിപ്പിച്ചത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ കുറിച്ചുള്ള പ്രമേയമാണ്. ഒരു നിലപാട് ഉണ്ടാകാവു എന്ന കാര്യത്തിൽ തർക്കമില്ല. കാപ്പ കേസിൽ പ്രതിയായ ആളെ മാല ഇട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച ആളാണ് ഞങ്ങളെ നിലപാട് പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.