സമീപകാലത്തുണ്ടായ പ്രമുഖ നേതാക്കളുടെ ദുരൂഹമരണങ്ങൾക്ക് പിന്നാലെ യുകെ, കാനഡ, അമേരിക്ക, ആസ്ട്രേലിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തകർ പലരും ഒളിവിൽ പോയതായി റിപ്പോർട്ടുകൾ.
അമേരിക്കയിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗുർപട്വന്ത് സിംഗ് പാനൂണിനെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ട്. ഗുർപട്വന്ത് സിംഗ് പാനൂണിനെ കൂടാതെ കാനഡ, ആസ്ട്രേലിയ, യുകെ , ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലുള്ള പല ഖലിസ്ഥാൻ വാദി നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല.
കാനഡയിലെ സുറേയിൽ വച്ച് ഖലിസ്ഥാൻ നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജാർ ജൂണ് 18-ന് കൊല്ലപ്പെട്ടതോടെയാണ് ഖലിസ്ഥാൻ ക്യാംപിൽ ആശങ്ക പടരാൻ തുടങ്ങിയത്. വൈകാതെ മറ്റൊരു ഖലിസ്ഥാൻ നേതാവായ അവതർ സിംഗ് ഖണ്ഡ യുകെയിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നുവെങ്കിലും ഇദ്ദേഹത്തെ വിഷം നൽകി കൊന്നെതാണ് ഖലിസ്ഥാൻ സംഘടനകൾ ആരോപിക്കുന്നത്.
മെയ് മാസത്തിലാണ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് അധ്യക്ഷനായ പരംജ്ജിത് സിംഗ് പൻഞ്ചാർ ലാഹോറിൽ വച്ച് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് പേരാണ് അദ്ദേഹത്തെ കൊന്നത്. ജനുവരിയിൽ മറ്റൊരു ഖലിസ്ഥാൻ നേതാവായ ഹർമീത് സിംഗ് എന്ന ഹാപ്പി ലാഹോറിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപം വച്ച് കൊല്ലപ്പെട്ടു.
ഇങ്ങനെ ആറ് മാസത്തിനിടെ നാല് പ്രമുഖ നേതാക്കൾ പല രാജ്യങ്ങളിലായി കൊല്ലപ്പെട്ടതോടെയാണ് വിവിധ രാജ്യങ്ങളിലെ ഖലിസ്ഥാൻ ഗ്രൂപ്പുകളിലെ നേതാക്കൾ പലരും ഒളിവിൽ പോകാൻ തുടങ്ങിയത്.