തിരുവനന്തപുരം: കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ.ഈ വർഷം സിസംബറിലാവും കേരളീയം പരിപാടി നടത്തുക.അവധിക്കാലമായതിനാൽ കൂടുൽ പേർ എത്തുമെന്ന പ്രതീക്ഷയിലാണ് പരിപാടി ഡിസംബറിലാക്കിയത്.ആഗോളതലത്തിൽ കേരളത്തിൻറെ വികസന മാതൃകയും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ചതാണ് കേരളീയം പരിപാടി.കഴിഞ്ഞ വർഷത്തെ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പ് കണക്കുകൾ സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എല്ലാം സ്പോൺസർഷിപ്പിലെന്ന് സർക്കാർ അവകാശപ്പെട്ട പരിപാടിയായിരുന്നു കേരളീയം.
പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയില്ല. ഏറ്റവും ഒടുവിൽ നിയമസഭയിലും ചോദ്യമുയർന്നെങ്കിലും പബ്ലിക് റിലേഷൻ വകുപ്പ് ചെലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വന്നിട്ടത്. കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നൽകിയത്. രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്.
അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000. സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചത്.