തിരുവനന്തപുരം: മദ്രസ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ട് നല്കുന്ന മദ്രസകള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
മദ്രസകള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ലഭിച്ചിരുന്നു.മുജാഹിദ്, സുന്നി, ജമാഅത്ത് ഇസ്ലാമി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകമായി മദ്രസകൾ നടത്തുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാഭ്യാസത്തെ ബാധിക്കാതെ രാവിലെയും വൈകിട്ടുമായാണ് ക്ലാസുകൾ. അതിന്റെ പേരിൽ ഔപചാരികവിദ്യാഭ്യാസം ആരും വേണ്ടെന്ന് വെക്കുന്നുമില്ല. പുതിയ ഉത്തരവ് ഇപ്പോഴല്ലെങ്കിലും പിന്നീട് മദ്രസകൾ പൂർണ്ണമായും അടച്ചു പൂട്ടാനുള്ള ആയുധമായി മാറുമെന്ന ആശങ്കയാണ് മത നേതൃത്വം ഉയർത്തുന്നത്. നിർദ്ദേശങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഐഎൻഎൽ പ്രതികരിച്ചു. സംഘപരിവാരിന്റെ അജണ്ടയെന്ന് മുസ്ലിം ലീഗ് വിലയിരുത്തി.
രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്നതായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ മദ്രസകള്‍ നിര്‍ത്തണമെന്നും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും നല്കുന്ന ഫണ്ടിങ്ങുകള്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.