സംവിധായകന് സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ മറുപടിയുമായി യുനാനി ഡോക്ടര്‍മാരുടെ സംഘടന. മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദീഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കേരള യുനാനി മെഡിക്കല്‍ അസോസിയേഷന് പറഞ്ഞു.
സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ യുനാനി വൈദ്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിഷയത്തില്‍ അടച്ചാക്ഷേപിക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഒരൊറ്റ അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ പോലും ചിക്തയ്ക്ക് എത്തിയിട്ടില്ലെന്ന് വ്യക്തമായിരിക്കെ, അടിസ്ഥാന രഹിത ആരോപണങ്ങളുമായി യുനാനി ചികിത്സാ വിഭാഗത്തെ അടച്ച് ആക്ഷേപിക്കുന്ന പ്രവണത ശരിയല്ല.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു രംഗത്തെത്തിയിരുന്നു. യുനാനി നൂറ് ശതമാനം മിത്ത് ആണെന്നും ശാസ്ത്രമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സംവിധായകന് സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. യുനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍. ലിവറിനെയും കിഡ്നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രം. അത് മിത്തല്ല. ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്. ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്, ഒരുതരം കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നുവെന്നും അദ്ദേഹം കുറിച്ചു.
മദ്യപാനമോ പുകവലിയോ ഇല്ലാത്ത ആളായിരുന്നു സിദ്ദീഖ്. ഭക്ഷണം പോലും മിതമായി കഴിക്കുന്ന ആളായിരുന്നു എന്നിട്ടും അദ്ദേഹത്തിന് കരളിലാണ് പ്രശ്നം വന്നത്. അതിന് കാരണം യുനാനി ഗുളികകള്‍ എന്ന പേരില്‍ കഴിച്ച ചില വസ്തുക്കളാണ് എന്ന് നടന് ജനാര്ദ്ദനന് സിദ്ദീഖിനെ ചികിത്സിച്ച ഡോക്ടറെ ഉദ്ധരിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജനാര്‍ദ്ദനന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയുമായിരുന്നു.