തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യത്തെ തുടർന്ന് കേരളത്തിൽ കനത്ത മഴ. അറബിക്കടലിൽ ഗോവ – കൊങ്കണ്‍ തീരത്തും വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമാണ് ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടത്. ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യത്തെ തുടർന്ന് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ ലഭിക്കും.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. കടൽ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ആലപ്പുഴയിലും കുട്ടനാട്ടിലും കനത്ത മഴ തുടർന്നതോടെ പലഭാഗത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ട് തുടങ്ങി. നഗരമേഖലകളിലും ഗ്രാമമേഖലകളിലും ഒരുപോലെ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും ഓടകൾ നിറഞ്ഞ് റോഡുകൾ വെള്ളത്തിലായി. ദേശീയപാതാ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ വെള്ളമൊഴുകി പോകാൻ വഴിയില്ലാത്തത് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് വേഗത്തിലാക്കിയിട്ടുണ്ട്.