തിരുവനന്തപുരം : കേരള തീരത്ത് ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടത്. കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാകുകയാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം വിലയിരുത്തൽ. മറ്റന്നാളോടെ ചുഴലിക്കാറ്റ് രൂപപ്പെടും എന്നാണ് കരുതുന്നത്. ബംഗാൾ ഉൾകടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാവും ഇത്. ചുഴലിക്കാറ്റുകളുടെ പേരിടാനുള്ള പട്ടിക പ്രകാരം ഒമാൻ നിർദേശിച്ച റിമാൽ എന്ന പേരാവും ഈ ചുഴലിക്കാറ്റിന് ഇടുക. ഞായറാഴ്ചയോടെ പശ്ചിമ ബംഗാൾ -ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി റിമാൽ കര തൊടാനാണ് സാധ്യത.
അതേസമയം കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നൽകിയത്. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.
വേനൽ മഴയിൽ ഇന്നലെയും ഇന്നും മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്. കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. പനമ്പിള്ളി നഗറടക്കം കൊച്ചി നഗരത്തിലെ വിവിധ മേഖലകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കേറിയും ഇറങ്ങിയും നിൽക്കുന്ന അവസ്ഥയാണ്.
കോഴിക്കോട് മെഡി. കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിൽ ഇന്നലെ രാത്രിയോടെ വെളളംകയറിയെങ്കിലും രാവിലെ പൂർവ്വസ്ഥിതിയിലായി. കാസർകോട് ഇന്നലെയുണ്ടായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അൽപസമയം ഗതാഗതം വഴിതിരിച്ചുവിട്ടു. പത്തനംതിട്ട ചന്ദനപ്പള്ളി- അങ്ങാടിക്കൽ റോഡിൽ മുളയറയിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയെ തുടർന്ന് ആലപ്പുഴ തുറവൂരിൽ ദേശീയപാതയിൽ മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാക്കേ കടവ് വഴി ഗതാഗതം തിരിച്ചു വിട്ടെങ്കിലും ഏറെ നേരം ഇവിടെയും ഗതാഗതക്കുരുക്കുണ്ടായി. ചമ്ബക്കുളം, മങ്കൊമ്ബ് തുടങ്ങി കുട്ടനാട്ടിലെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കോട്ടയത്ത് നീണ്ടൂരിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഓണം തുരുത്ത് സ്വദേശി വിമോദ് കുമാർ എന്ന നാൽപ്പതുകാരനാണ് മരിച്ചത്.
ജലനിരപ്പ് ക്രമീകരിക്കുന്നതിൻറെ ഭാഗമായി മലങ്കര ഡാമിൻറെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. പുഴയിൽ വെള്ളം കൂടാൻ സാധ്യതയുള്ളതിനാൽ തൊടുപുഴയാറിൻറെയും മുവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. വടക്കൻ കേരളത്തിൽ കോഴിക്കോടാണ് വേനൽമഴയിൽ കനത്ത നാശനഷ്ടമുണ്ടായത്. മാവൂർ , പെരുമണ്ണ അന്നശ്ശേരി, മേഖലയിൽ വ്യാപക കൃഷിനാശമുണ്ടായി. ചാലിയാറിൽ ജലനിരപ്പുയർന്നതോടെ, തെങ്ങിലക്കടൽ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയിൽ നിരവധി വീടുകളിൽ വെളളം കയറിയതിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.