തിരുവനന്തപുരം: കേരള നിയമസഭയിലെ രണ്ട് എംഎൽഎമാർ ലോക്സഭയിലേക്ക് ജയിച്ചതോടെ കേരളം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, ചേലക്കര എംഎൽഎയും ദേവസ്വം മന്ത്രിയുമായ കെ.രാധാകൃഷ്ണൻ എന്നിവർ വിജയിച്ചതോടെയാണ് കേരളത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
തൃശ്ശൂർ ജില്ലയിലെ ചേലക്കര മണ്ഡലത്തിൽ 1991-ലാണ് ഏറ്റവും അവസാനമായി കോൺഗ്രസ് വിജയിച്ചത്. 1996,2001,2006,2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചേലക്കരയിൽ നിന്നും കെ.രാധാകൃഷ്ണൻ തുടർച്ചയായി വിജയിച്ചു. 2016-ൽ സിപിഎമ്മിലെ യു പ്രദീപാണ് ഇവിടെ മത്സരിച്ചു ജയിച്ചത്. 2021-ൽ രാധാകൃഷ്ണൻ വീണ്ടും ചേലക്കരയിലേക്ക് മടങ്ങിയെത്തുകയും 54 ശതമാനം വോട്ട് നേടി വിജയിക്കുകയും ചെയ്തു.
55 ശതമാനം വരെ വോട്ടുനേടിയാണ് രാധാകൃഷ്ണൻ സ്ഥിരമായി ഇവിടെ ജയിക്കുന്നതെങ്കിലും അദ്ദേഹം മാറി നിന്ന 2016-ൽ യു പ്രദീപിൻ്റെ വോട്ടുവിഹിതം പത്ത് ശതമാനം ഇടിയുന്ന നിലയുണ്ടായി. അതേ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച പി.പി ഷാജുമോൻ്റെ വോട്ടുവിഹിതം പത്ത് ശതമാനം വർധിക്കുകയും ചെയ്തു. രാധാകൃഷ്ണൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ ബിജെപി ചേലക്കരയിൽ മുന്നേറ്റം നടത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.
പാലക്കാട്ടേക്ക് വന്നാൽ 2021-ൽ കേരളത്തിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണിത്. വോട്ടെടുപ്പിൽ ഉടനീളം കൃത്യമായ ലീഡ് നേടി മുന്നേറിയ ബിജെപി സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ അവസാന ലാപ്പിൽ ആണ് ഷാഫി പറമ്പിൽ ലീഡ് എടുത്ത് പരാജയപ്പെടുത്തിയത്. എൽഡിഎഫ് – യുഡിഎഫ് ഒത്തുകളിയാണ് ശ്രീധരൻ്റെ പരാജയത്തിന് കാരണമായതെന്ന് അന്ന് ബിജെപി ആരോപിക്കുകയും ചെയ്തിരുന്നു.
മൂന്ന് വർഷത്തിന് ശേഷം പാലക്കാട്ടേക്ക് വീണ്ടും ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിൻ്റെ ആത്മവിശ്വാസത്തിലാവും ബിജെപി ഇവിടെ മത്സരിക്കാനിറങ്ങുക. സർവ്വ സജ്ജരായി എത്തുന്ന ബിജെപിയെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്താൻ ആരെയാവും കോൺഗ്രസ് കളത്തിലിറക്കുക എന്നതും സസ്പെൻസായി തുടരും.