യു.പി.എ കാലത്തേക്കാള്‍ 224 ശതമാനം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ അധികം നല്‍കിയെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദങ്ങള്‍ തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ല, അവകാശമാണ്. നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
നികുതി വിഹിത ശതമാനം കണക്കാക്കിയതില്‍ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചു. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണ്. ജിഎസ്ടി നഷ്ടപരിഹാര തുക കേന്ദ്ര ധനമന്ത്രി ഗ്രാന്റില്‍ ഉള്‍പ്പെടുത്തി. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മോദി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ച നികുതി വിഹിതം യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 224 ശതമാനം കൂടുതലാണെന്നായിരുന്നു പാര്‍ലമെന്റില്‍ ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. യുപിഎ ഭരണകാലത്ത് 2004 മുതല്‍ 2014 വരെ കേരളത്തിന് നല്കിയ നികുതി വിഹിതം 46,303 കോടി രൂപയാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് 150140 കടി രൂപ നികുതി വിഹിതമായി നല്കി. ഗ്രാന്റ് സഹായം യുപിഎ ഭരണ കാലത്ത് 25,629 കോടി രൂപയായിരുന്നു. 2014 മുതല്‍ ഒന്‍പത് വര്‍ഷം കേരളത്തിന് 143117 കോടി രൂപ ഗ്രാന്‍ഡായി നല്കി. അഞ്ചര മടങ്ങ് വര്‍ധനയാണ് ഉണ്ടായതെന്നുമായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.
ധനകാര്യ കമ്മീഷന് നല്കിയ ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം കേന്ദ്രത്തിന് മറുപടി നല്‍കിയത്.