തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കാന്‍ സാധ്യത തേടി കേരളം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രി ആര്.കെ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവനിലയമടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചത്. നിലവില്‍ തമിഴ്നാട്ടിലെ കല്‍പ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുത നിലയം സ്ഥാപിച്ചിട്ടുണ്ട്. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇക്കാര്യവും കേരളം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരള തീരത്ത് ഗുണനിലവാരമുള്ള തോറിയം ഉണ്ട്. തോറിയം ഉപയോഗിക്കുന്നത് വഴി ന്യായമായ ഉത്പാദന ചെലവില്‍ കേരളത്തിലെ ഹരിതോര്‍ജത്തിന്റെ അളവ് കൂട്ടാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഊര്‍ജമന്ത്രിമാരുടെ യോഗത്തിലും തോറിയത്തെക്കുറിച്ച് കേരളം പരാമര്‍ശിച്ചിരുന്നു. അന്ന് കേരളത്തില്‍നിന്ന് ഖനനം ചെയ്തെടുക്കുന്ന തോറിയം കല്പാക്കത്തെ ആണവ കേന്ദ്രത്തില്‍ എത്തിക്കുന്നതിന്റെ സാധ്യതകളാണ് കേരളം പരാമര്‍ശിച്ചത്. ഇതിന് കേന്ദ്ര ഊര്‍ജ മന്ത്രാലയം അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
കേരളത്തില്‍ നിലവില്‍ ആണവനിലയം ഇല്ല. സംസ്ഥാനത്ത് ആണവ നിലയത്തോട് പൊതുവില്‍ എതിര്‍പ്പുയരുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
