കലൂര്‍ കതൃക്കടവില്‍ ബാറിലെ ജീവനക്കാരെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ പ്രതികള്‍ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരെന്ന് സൂചന. പ്രതികളിലൊരാളും അങ്കമാലി സ്വദേശിയുമായ യുവാവ് പൊലീസ് കസ്റ്റിയിലെന്നാണ് വിവരം.
മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറില്‍ നിന്നെടുത്ത കാറിലാണ് ഇവര്‍ ബാറിലെത്തിയത്. KL 51 B 2194 എന്ന കാര്‍ കന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിന് ശേഷം നാലംഗ സംഘം സഞ്ചരിച്ച കാര്‍ മുടവൂരില്‍ വെച്ച് ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മറ്റൊരു കാറില്‍ കയറി പോയെന്നുമാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് ബാറില്‍ വെടിവെപ്പുണ്ടായത്. ബാറിലെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാര്‍ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിലേക്ക് എത്തിയത്.
അക്രമത്തിന് ശേഷം പ്രതികള്‍ മൂവാറ്റുപുഴ ഭാഗത്തേക്കാണ് കടന്നതെന്നാണ് വിവരം. സിസിടിവി, കേന്ദ്രീകരിച്ചും പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ബാര്‍ ജീവനക്കാരായ സുജിന്‍ ജോണ്സണ്, അഖില്‍ നാഥ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബാര്‍ മാനേജര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.