കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്.രേഖകളുെട പരിശോധന രണ്ടുമാസത്തിനകം പൂർത്തിയാക്കണം.കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ 300 കോടി രൂപയുടെ ബെനാമി വായ്പത്തട്ടിപ്പു നടത്തിയ കേസിൽ സിപിഎമ്മിന്റെ 73 ലക്ഷം രൂപയുടെ സ്വത്തു വകകൾ അടക്കം 29 കോടി രൂപയുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും കൂടി കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തിരുന്നു.
പ്രതിപ്പട്ടികയിൽ സിപിഎമ്മിനെ ഉൾപ്പെടുത്തിയ ശേഷമാണ് ഇ.ഡിയുടെ നടപടി.ഡയറക്ടറുടെ ഉത്തരവ് ഇറങ്ങുന്നതോടെ കണ്ടുകെട്ടൽ നടപടികൾ തുടങ്ങും. ഇതോടെ കേസിൽ 115 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടും.ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് പി.എം.എൽ.എ.
കോടതിയിൽ ഇ.ഡി. കേസ് രജിസ്റ്റർചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യം ഇ.ഡി. കേസിനേയും ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് രേഖകൾ വിട്ടുനൽകാൻ നിർദേശിച്ചത്. പരിശോധനകൾക്കുശേഷം ഇവ പി.എം.എൽ.എ. കോടതിയിൽ തിരിച്ചെത്തിക്കണം.