കണ്ണൂര്‍ ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. നെല്ലിക്കാപൊയില്‍ സ്വദേശി അത്രശ്ശേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച ജോസിന് 63 വയസുണ്ട്.
ഉളിക്കല്‍ ടൗണിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാണോ മരണം എന്ന് സംശയിക്കുന്നു. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മൃതദേഹത്തില്‍ ആന ചവിട്ടിയതിന്റെ പാടുകളുണ്ടെന്നും ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയില്‍ ആണെന്നും ദൃക്സാക്ഷികളും പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആന നാട്ടിലിറങ്ങിയത്. ഉളിക്കല്‍ ലത്തീന്‍ പള്ളിയുടെ സമീപമാണ് ആദ്യം ആനയെ കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള കശുമാവിന് തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. അതിന് ശേഷം തോട്ടത്തിലൂടെ ആന അടുത്തുള്ള സ്കൂള്‍ പരിസരത്തേക്കും പോയതായാണ് വിവരം.
ആനയെ കാണാന്‍ എത്തിയ കൂട്ടത്തില്‍ മരിച്ച ജോസും ഉണ്ടായിരുന്നതായാണ് വിവരം. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഇതിനിടെ ജനക്കൂട്ടവും ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണു പോയതാകാമെന്നാണ് കരുതുന്നത്.