കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂർ ജില്ലയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ. അപേക്ഷയ്ക്കൊപ്പം തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. അടിയന്തരവാദം കേൾക്കാനും പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും ദയാവധം ചെയ്യാനുള്ള അനുവാദവുമാണ് ആവശ്യം.
ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ രൂക്ഷമാണെന്നാണ് അപേക്ഷയിൽ പറയുന്നത്. നേരത്തെ ഇതേ വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.
അതേ സമയം കണ്ണൂരിൽ തെരുവുനായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ മൂന്നാം ക്ലാസ്സുകാരി ജാൻവി അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ജാൻവിയെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. തലയിലും കൈകാലുകളിലും ആഴത്തിൽ പരിക്കേറ്റ ജാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽക്കാരും എത്തിയതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവാക്കാനായത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇതേ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ 11 വയസ്സുള്ള നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. തുടരെയുള്ള തെരുവുനായ ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഇതിനെതിരെ നടപടിയെടുക്കാനാണ് തീരുമാനം എന്ന് പഞ്ചായത് അധികൃതർ അറിയിച്ചു.