കൽപറ്റ: നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചു.
കനവ് എന്ന പേരിൽ ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 70 വയസ്സ് ആയിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിനോട് ചേർന്നുള്ള കളരിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു. വയനാട്ടിൽ നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു.
വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും സ്വയം പര്യാപ്തരാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. കനവിൽ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ നടത്തുന്നത്.