മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ നെഗറ്റീവ് പ്രതികരണങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകന് കമല്‍. വാലിബന് മാസ് പടമാണെന്ന് പറഞ്ഞത് ഫാന്‍സുകാരാണ്. ലിജോ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കമല്‍.
മോഹന്‍ലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണ്. മമ്മൂട്ടി മാസ് സിനിമകള്‍ ചെയ്യുമ്പോള്‍ പോലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അത് പണ്ട് മുതലേയുള്ള രീതിയാണ്. മറ്റുള്ള ആളുകളും ഫാന്‍സുകാരും പറഞ്ഞുണ്ടാക്കിയതാണ് മലൈക്കോട്ടൈ വാലിബന് ഒരു മാസ് സിനിമായണെന്നും മോഹന്‍ലാലിന്റെ ഗംഭീര സിനിമയാണെന്നും. പക്ഷെ ലിജോ അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല, അദ്ദേഹം എവിടെയെങ്കിലും അത് പറഞ്ഞതായി ഞാന്‍ കേട്ടിട്ടുമില്ല. മലൈക്കോട്ടൈ വാലിബന് എന്ന ടൈറ്റില്‍ പ്രേക്ഷകരില്‍ അങ്ങനെ ഒരു മതിപ്പുണ്ടാക്കിയിട്ടുണ്ട്. – കമല്‍
അതേസമയം ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് തിയേറ്ററിലെത്തിയത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സംമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.