കണ്ണൂരില്‍ കല്ലട ട്രാവല്‍സ് സ്ലീപ്പര്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബസിലെ യാത്രക്കാരനായ ഒരാള്‍ അപകടത്തില്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. 24 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിനി ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ തല ദേഹത്ത് നിന്ന് വേര്‍പ്പെട്ടു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് അപകടം ഉണ്ടായത്. മണിപ്പാലില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സും തലശ്ശേരിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുമായി ഇടിച്ച ബസ് മൂന്ന് തവണ മറിഞ്ഞെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസ്സിന്റെ അമിത വേഗമാണ് അപകടത്തിനിരയാക്കിയതെന്ന് ബസ് യാത്രക്കാരിലൊരാള്‍ പറഞ്ഞു.
ബസ് മറിയുന്നതാണ് കാണുന്നത്. ആദ്യം ഒരാളെ കണ്ടു. അവനെ വലിച്ച് പുറത്തേക്കിറക്കിയപ്പോഴാണ് ബസില്‍ 24 പേരോളം ഉണ്ടെന്ന് പറയുന്നത്. കൂടുതല്‍ ആള്‍ക്കാരില്ലാതെ ഒന്നും ചെയ്യാന്‍ ആവില്ലല്ലോ. എമര്‍ജന്‍സി ഡോര്‍ നോക്കിയപ്പോള്‍ അത് ലോക്കായിരുന്നു. തുറക്കാന്‍ കഴിയുന്നില്ല. ബസിനുള്ളില്‍ നിന്ന് കൂട്ട നിലവിളി ആയിരുന്നു. പിന്നീട് ആള്ക്കാര് എത്തിയതിന് ശേഷമാണ് ബസിലെ യാത്രക്കാരെ പുറത്തെത്തിച്ചതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നാട്ടുകാരന് പറഞ്ഞു.