തന്നെ പലതവണ സിപിഐഎം കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. തന്റെ ജീവനെടുക്കാന്‍ സിപിഐഎമ്മിന് സാധിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു. സിപിഐഎം കെ സുധാകരനെ വധിക്കാന്‍ വാടക കൊലയാളികളെ അയച്ചിരുന്നെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവന.
‘സിപിഐഎം പലതവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊന്നും എന്റെ ജീവനെടുക്കാന്‍ അവരെക്കൊണ്ടാവില്ല. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന കാലത്ത് അറിയാമായിരുന്ന കാര്യം ഇപ്പോള്‍ ശക്തിധരന് തുറന്ന് പറഞ്ഞിരിക്കുകയാണ്,’ സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശക്തിധരനെ നേരിട്ട് പരിചയം ഇല്ലെന്നും എങ്കിലും ഇപ്പോള്‍ വിളിച്ച് നന്ദി പറഞ്ഞാല്‍ കൊള്ളാം എന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ ആകുമോ എന്ന് വക്കീലുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സുധാകരന് പറഞ്ഞു.
പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല. അതുപോലെ പിണറായി വിജയനോട് വേദമോതിയിട്ടും കാര്യമില്ല. കാരണം പിണറായി വിജയന് പിണറായി വിജയനാണ്, അത്രതന്നെ എന്നും സുധാകരന് പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ അയച്ചിരുന്നുവെന്നാണ് ശക്തിധരന് ഫേസ്ബുക്കിലൂടെ പറഞ്ഞത്.
കെ സുധാകരനെ വധിക്കാന്‍ വാടകകൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതാണെന്നും ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു.
‘എനിക്ക് ആരാണ് കെ.സുധാകരന്? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും.അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?,’ ശക്തിധരന് പറഞ്ഞു.
കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന് പറഞ്ഞു.
കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് താന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം തനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട തനിക്ക് ഉണ്ടെന്നു തന്നെയാണ് കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനമെന്നും ശക്തിധരന് പറഞ്ഞു.