തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്.തദ്ദേശ-നിയമസഭാ തെരഞ്ഞടുപ്പുകൾ ഉടൻ നടക്കാനിരിക്കുന്നതിനാൽ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം.10,11,12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്ക്കും.ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്.
150 രൂപ വർധിപ്പിച്ച് പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മന്ത്രിക്കു മുന്നിലുണ്ട്. വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. പദ്ധതി വിഹിതത്തിൽ 10 ശതമാനം വർധന തീരുമാനിച്ചിട്ടുള്ളതിനാൽ ഒട്ടേറെ പുതിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുമെന്നുറപ്പ്.കേന്ദ്ര സർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലാത്ത വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണനയുണ്ടാകും.തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ ബജറ്റിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.