മുംബൈ: റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള വിയാകോം 18-നുമായുള്ള ഡിസ്നി സ്റ്റാറിൻ്റെ ലയനത്തിന് പിന്നാലെ ഡിസ്നിയിൽ നിന്നും രാജി വച്ച് കെ.മാധവൻ. നിലവിൽ ഡിസ്നി സ്റ്റാർ കണ്ട്രി മാനേജറും ഡിസ്നി സ്റ്റാർ പ്രസിഡൻ്റുമായ മാധവനെ കൂടാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യയുടെ മേധാവിയും മലയാളിയുമായ സജിത്ത് ശിവനന്ദനും രാജിവച്ചുവെന്നാണ് വിവരം.
റിലയൻസ് ഡിസ്നി സ്റ്റാർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഗ്രൂപ്പിൻ്റെ തലപ്പത്തുള്ള രണ്ട് പേർ പുറത്തേക്ക് പോകുന്നത്. ഇരുവരുടേയും രാജിയോടെ ഡിസ്നിയും റിലയൻസും ചേർന്ന് രൂപപ്പെടുന്ന പുതിയ മാധ്യമ സ്ഥാപനത്തിൻ്റെ തലപ്പത്തേക്ക് പുതിയ മുഖങ്ങൾ എത്താനാണ് സാധ്യത. ലയന നടപടികൾ പുരോഗമിക്കുന്നതിനിടെ ജിയോ സിനിമയുടെ ചീഫ് ബിസിനസ് ഓഫീസറായി ഇഷാൻ ചാറ്റർജിയെ നിയമിച്ചിരുന്നു.
ഇന്ത്യൻ ദൃശ്യമാധ്യമ ചരിത്രത്തിലെ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് കോഴിക്കോട് സ്വദേശിയായ കെ.മാധവൻ. ഏഷ്യാനെറ്റ് എംഡി എന്ന നിലയിലാണ് മലയാളികൾ അദ്ദേഹത്തെ ആദ്യം അറിയുന്നത്. 1999-ലാണ് അദ്ദേഹം ഏഷ്യാനെറ്റിൽ ഡയറക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. 2000 മുതൽ 2008 വരെ കെ.മാധവൻ ഏഷ്യാനെറ്റ് ചാനലുകളുടെ എംഡിയും സിഇഒയുമായിരുന്നു. ഏഷ്യാനെറ്റിനെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്തതോടെ സ്റ്റാറിന് കീഴിലെ ചാനലുകളുടെ ദക്ഷിണേന്ത്യൻ മേധാവിയായി മാധവൻ മാറി.
മാധവന് കീഴിൽ സ്റ്റാർ ഗ്രൂപ്പ് ചാനലുകളും ഹോട്ട് സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമും അതിവേഗം വളർന്നു. സ്റ്റാറിന് കീഴിലുള്ള എൻ്റർടെയ്ൻമെൻ്റ് – സ്പോർട്സ് ചാനലുകൾ, സ്റ്റുഡിയോ, ഷോ ബിസിനസ്, ഹോട്ട്സ്റ്റാർ എന്നിവയുടെയെല്ലാം ദൈനം ദിന പ്രവർത്തനം മാധവൻ്റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് സ്റ്റാറിനെ ഡിസ്നി ഗ്രൂപ്പ് ഏറ്റെടുത്തപ്പോടെ ഡിസ്നി സ്റ്റാറിൻ്റെ കണ്ട്രി മാനേജർ പദവിയിലേക്ക് മാധവൻ ഉയർന്നു. മാധവനൊപ്പം ഡിസ്നി ഗ്രൂപ്പ് വിടുന്ന സജിത്ത് ശിവാനന്ദൻ ഗൂഗിളിൽ നിന്നാണ് ഹോട്ട്സ്റ്റാറിൻ്റെ ഹെഡായി എത്തുന്നത്. ആഗോള നിലവാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമായി ഡിസ്നി ഹോട്ട്സ്റ്റാറിനെ മാറ്റിയത് സജിത്ത് ശിവാനന്ദൻ്റെ ആശയങ്ങളായിരുന്നു. സജിത്തിന് കീഴിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായി ഹോട്ട്സ്റ്റാർ മാറിയത്.