മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗം റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുകൊണ്ട് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി, സിദ്ധാര്‍ത്ഥ് ഭരതന്, അര്ജുന് അശോകന് എന്നിവരുടെ പ്രകടനങ്ങള്‍ പോലെ തന്നെ മികച്ച പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ കലാ സംവിധായകന് ജ്യോതിഷ് ശങ്കറും.
ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം തന്നെ പ്രധാനപ്പെട്ട ഘടകമായിരുന്നു കൊടുമണ്‍ പോറ്റിയുടെ മനയും. എന്നാല്‍ അത് നമ്മള് എല്ലാവര്ക്കും പരിചിതമായ വരിക്കാശ്ശേരി മനയാണെന്നതാണ് ഏറ്റവും വലിയ കൗതുകം. തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജ്യോതിഷ് ശങ്കര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.
ജ്യോതിഷ് ശങ്കറിന്റെ വാക്കുകള്‍ :
നമ്മള് ഒരുപാട് സിനിമകളില്‍ വരിക്കാശ്ശേരി മന കണ്ടിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പരിചിതമായ വരിക്കാശ്ശേരി മനയിലാണ് ഈ കഥ നടക്കുന്നത് എന്ന് പറഞ്ഞാല്‍ ഒറ്റ മനുഷ്യര്‍ അത് വിശ്വസിക്കരുത് എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ചലഞ്ച്. ഇങ്ങനെ ഒരു മനയുണ്ടായിരുന്നു എന്നും വേരുകള്‍ ഇറങ്ങി ഇടിഞ്ഞു വീഴാന്‍ നില്ക്കുന്ന മനയാണെന്നും അതിന്റെ നിലവറ പൊളിഞ്ഞു വീഴണമെന്നും കഥയിലുണ്ടായിരുന്നത് കൊണ്ട് മനയുടെ നടുത്തളം തന്നെ പൊളിഞ്ഞ രീതിയിലാണ് സെറ്റ് ചെയ്തത്.
ചോര്‍ന്നൊലിക്കുന്ന മനയാണത്. അവിടെ കൂട്ടിയിട്ടിരിക്കുന്ന തേങ്ങാ പോലും കിളിര്‍ത്ത് കിടക്കുകയാണ്. അപ്പോള്‍ വരിക്കാശ്ശേരി മന ആര്‍ക്കും മനസ്സിലാകരുത് എന്നതായിരുന്നു പ്രധാന ടാസ്ക്. ഒരു വൃത്തിയുള്ള മന വേണമെങ്കില്‍ കാണിക്കാം. പക്ഷേ അത് കഥയുമായി യോജിക്കില്ലല്ലോ. ഇങ്ങനെ കാടുപിടിച്ച് കിടക്കുന്ന മനയില്‍ രണ്ടുപേര്‍ ജീവിക്കുന്നു എന്നതിലാണ് പ്രേക്ഷകര്‍ക്ക് കൗതുകം ആരംഭിക്കുന്നത്. അതുപോലെ സിനിമയില്‍ കാണിക്കുന്ന ചിലന്തിവലകള്‍, ചിതല് പുറ്റുകള്‍ എല്ലാം നിര്‍മ്മിച്ചതാണ്. ആ മന ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണത്. അതുകൊണ്ടായിരിക്കാം ഈ സിനിമയുടെ കലാസംവിധാനം ശ്രദ്ധിക്കപ്പെട്ടതും.