തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൌത്യത്തിൽ പങ്കാളികളാകും.
നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.’രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. 5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. പുതിയതായി പുതിയ 2 സ്കൂബെ ഡൈവേഴ്സിനെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയമാണ് തെരച്ചിൽ നടക്കുക. ഡൈവിങ് ടീമിന് പോകാൻ കഴിയാത്ത വിധത്തിൽ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാൽ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. ജലത്തിൻ്റെ അളവ് വർദ്ധിപ്പിക്കും.