എറണാകുളം വടുതല സ്വദേശിനിയായ ജെസ്ന എന്ന 22 കാരിയും അവളുടെ കുടുംബവും ഓരോ ദിവസവും തളളി നീക്കുന്നത്, വേദനയോടും നാളെയെക്കുറിച്ചുളള ആശങ്കയോടുമാണ്…കാരണം ജെസ്നയുടെ ഓട്ടിസമെന്ന അസുഖത്തിന്റെ ഭീകരത അത്രത്തോളം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് ഈ കുടുംബം. ജെസ്ന ജനിച്ച് രണ്ട് മാസം തൊട്ട് പലവിധ ചികിത്സകൾ ആശുപത്രി വരാന്തകൾ ഈ അച്ഛനും അമ്മയും കയറി ഇറങ്ങിയിടുണ്ട്. പക്ഷേ ഇന്നും ഒരു മരുന്നിനും മകളുടെ അസുഖത്തെ പിടിച്ചു കെട്ടാനായിട്ടില്ല.ഒരു ദിവസം പത്തും ഇരുപതും തവണയൊക്കെ ഫിറ്റ്സ് വരും, അവൾ ഒച്ച ഇട്ട് കരയും, ഭക്ഷണം കഴിപ്പിക്കാൻ തൊട്ട് പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ പോലും പരസഹായം വേണം. ജെസ്നയുടെ അച്ഛൻ ജേക്കബിന്റെ അമ്മ ഉണ്ടായിരുന്ന സമയത്ത് ജെസ്നയെ നോക്കാൻ അമ്മൂമ്മയുടെ സഹായം ഉണ്ടായിരുന്നു..
എന്നാൽ പെട്ടന്നുണ്ടായ അമ്മച്ചിയുടെ വേർപാടും ഈ കുടുംബത്തിനെ വല്ലാതെ ബാധിച്ചിരിക്കയാണ്. അമ്മ അനില വീട്ടു ജോലിക്ക് പോകുന്നുണ്ട് അത് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം, ജോലിക്ക് പോകാൻ സാധിക്കാതെ അച്ഛനും മൈക്രോബയോളജി കഴിഞ്ഞ ചേച്ചി ജെനറ്റും ജെസ്നയ്ക്ക് കൂട്ടിരിക്കുകയാണ്. കാരണം, അമ്മയ്ക്ക് മാസത്തിൽ ഒരു തവണയൊക്കെ വീട്ടിലേക്ക് എത്താൻ കഴിയൂ, അച്ഛനോട് അടുപ്പകൂടുതലുളള ജെസ്നയെ നോക്കണമെങ്കിൽ അച്ഛൻ തന്നെ അടുത്ത് വേണം,അവളുടെ പ്രാഥമിക കാര്യങ്ങൾ നോക്കാൻ ചേച്ചിയും.അസുഖം അത്രയും ഭീകരാവസ്ഥയിൽ എത്തുന്ന സമയത്ത് കണ്ണിൽ ഒരു മുടയിഴ പോയാൽ കുടെ ജെസ്നയ്ക്ക് ഫിറ്റ്സ് വരും. ഉടുത്തിരിക്കുന്ന വസ്ത്രങ്ങളെല്ലാം അവൾ ഊരിയെറിയും, പ്രായമായ അച്ഛന് പിടിച്ചാൽ കിട്ടാത്ത വിധം ശക്തിയായിരിക്കും ആ സമയത്ത്, അലമുറയിട്ട് അവൾ കരയും. കരച്ചിലിന്റെ ശബ്ദം കാരണം,വാടക വീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന് അയൽവാസികളുടെ പരാതി മൂലം കൂടെ കൂടെ വീട് മാറേണ്ട അവസ്ഥയാണ്.സ്വന്തം വീടാണെങ്കിൽ ജപ്തിയിലുമാണ്.
ജെസ്നയെകുറിച്ച് സംസാരിക്കുമ്പോൾ ഈ അച്ഛനമ്മമാരുടെ മുഖത്തും കണ്ണുകളിലും വാൽസല്യത്തെക്കാൾ കൂടുതൽ പേടിയും ദയനീയതയും കാണാം…കാരണം അവർ ഒന്ന് സ്വസ്തമായി ഉറങ്ങിയിട്ട് വർഷങ്ങളായി എന്ന് തന്നെ പറയാം…ഒരു തവണ രാത്രി വസ്ത്രമെല്ലാം ഊരി എറിഞ്ഞ് ജെസ്ന വീട് വിട്ട് ഇറങ്ങി പോയി തളർന്ന് ഉറങ്ങുകയായിരുന്ന ജേക്കബ് ചേച്ചിയോ ഇത് കണ്ടില്ല, വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്ത് റെയിൽ പാളവും തെരുവ് പട്ടികളുമൊക്കെയുണ്ട്. കുഞ്ഞിനെ കാണാതെ അച്ഛനും ചേച്ചിയും കാണുന്ന വഴികളിലെല്ലാം ഇറങ്ങി അന്വേഷിച്ചു.ഒടുവിൽ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വഴിയിൽ പരിഭ്രാന്തമായി നടക്കുന്ന ജെസ്നയെ കണ്ട ചെറുപ്പകാരാണ് അവർ ഉടുത്തിരുന്ന വസ്ത്രം ഊരി ജെസ്നയ്ക്ക് കൊടുത്തിട്ട് ഏറെ പണിപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലീസുകാർ അവളെ ജനറൽ ഹോസ്പ്പിറ്റലിലും എത്തിച്ചു.ഈ സംഭവമൊക്കെ ഓർത്ത് പറയുമ്പോൾ വിങ്ങിപ്പൊട്ടുന്ന ഒരു അച്ഛന്റെ ഹൃദയം കാണാനാകും. തീരെ നിവർത്തിയിലാതെ ജോലിക്ക് പോയില്ലെങ്കിൽ മുന്നോട്ട് പോകാൻ ആവില്ല എന്ന അവസ്ഥ വന്നപ്പോൾ ജെസ്നയെ അവർ ഓട്ടിസം ബാധിച്ചവരെ നോക്കുന്ന സ്ഥലത്ത് കൊണ്ട് ആക്കി, എന്നാൽ ഒരാഴ്ച്ചയ്ക്ക് ശേഷം അവിടുന്നും വിളി വന്നു, ഞങ്ങൾക്ക് നോക്കാൻ കഴിയുന്നതിലും അപ്പുറമാണ് ജെസ്നയുടെ അവസ്ഥ മകളെ തിരിച്ച് വിളിച്ച് കൊണ്ട് പോകണെമന്ന്. ഒരു ദിവസം അവൾ കിണറ്റിൽ എടുത്ത് ചാടി, അവിടുന്ന് രക്ഷപ്പെടുത്തി ഓട്ടോയിൽ കൊണ്ട് പോകുന്ന വഴി ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി രണ്ട് കാലും അപകടം പറ്റി ,സർജറി ചെയ്യേണ്ട അവസ്ഥ വന്നു.
ഓട്ടിസ്റ്റിക്കായ പലരെയും കുറിച്ച് നമ്മുക്ക് അറിയാമെങ്കിലും ഓട്ടിസം അതിന്റെ മൂർധന്യാവസ്ഥയിൽ അനുഭവിക്കുന്ന നാല് ജിവനുകളാണ് ഈ കുടുംബത്തിലുളളത്. ദിവസവും മരുന്നിന് ഒരു തുക ആകുന്നുണ്ട്. ആധാർ ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ ഒന്നും തന്നെ ജെസ്നയ്ക്ക് ലഭിക്കുന്നില്ല.പലതവണ ആധാർ എടുക്കാൻ ശ്രമിച്ചതാണ്, ഒരുപാട് അക്ഷയ കേന്ദ്രങ്ങൾ കയറി ഇറങ്ങിയതാണ്.പക്ഷേ ആധാർ എടുക്കാൻ ഇരിക്കുമ്പോൾ മുന്നിലുളള വയറുകളെല്ലാം അവൾ പിടിച്ച് വലിക്കും ഇറങ്ങി ഓടും, അത് കൊണ്ട് ഇത് വരെ ആധാറും ലഭിച്ചിട്ടില്ല. മുന്നോട്ട് അന്ധത മാത്രമാണ് ഇപ്പോൾ ഇവർക്കുളളത്.ഞാനും ഭാര്യയും മരിക്കുന്നതിന് മുൻപ് മകൾ മരിക്കണമെന്ന പ്രാർത്ഥനയേ ഉളളൂവെന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ അച്ഛൻ ജേക്കബിന്റെ ശബ്ദം ഇടറുന്നുണ്ട്…ആ ഇടർച്ചയിലുണ്ട് മകളോടുളള സ്നേഹവും നിസഹയാവസ്ഥയും.
https://youtu.be/wpPJAaTUnRs?si=jLkqiuzWSTtXhnra
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടാം…
Mr. V V Jacob
Contact No: +91 8714217374