അഖിൽ എങ്ങനെയാണ് ജീവയായി മാറിയത് എന്നതിൽ തുടങ്ങാം
എൻ്റെ ആദ്യത്തെ കാൽവയ്പ്പ് സൂര്യമ്യൂസിക്ക് എന്ന ചാനലിലൂടെയാണ്. കിരണ് ടിവി നിർത്തി പുതിയൊരു ചാനലായി സൂര്യ മ്യൂസിക്ക് വന്നപ്പോൾ അതിൽ അവർ കുറച്ച് പുതിയ മുഖങ്ങളെ രംഗത്ത് കൊണ്ടു വന്നു. അതിലൊരാളായിട്ടാണ് മാവേലിക്കരയിൽ നിന്നുള്ള ഞാൻ കൊച്ചിയിലേക്ക് എത്തുന്നത്. ട്രെയിനിംഗ് കഴിഞ്ഞു ചാനൽ ലോഞ്ചിന് ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് ഒരു ട്രെയലിന് ശേഷം ഒരു പ്രൊഡ്യൂസർ ഈ പേരൊന്ന് മാറ്റി പിടിച്ചൂടെ എന്ന് ചോദിച്ചത്. നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ടല്ലോ, എൻ്റെ ക്ലാസ്സിൽ തന്നെ നാലോ അഞ്ചോ അഖിലുണ്ട്. ശരിക്കും എൻ്റെ വീട്ടുകാർ എനിക്കിട്ട പേര് ജീവൻ എന്നായിരുന്നു. പിന്നീട് പപ്പയാണ് ആൽഫബെറ്റിക്കൽ ഓർഡറിൽ ജെ മാറ്റി എ യിൽ തുടങ്ങുന്ന ഒരു പേരിട്ടത്.അതുകൊണ്ട് ഞാനാ പഴയ പേരിലേക്ക് പോയി.
വളരെ ചെറിയ പ്രായത്തിൽ പല ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്നു ജീവയ്ക്ക് അല്ലേ ?
സാമ്പത്തികമായി അത്ര ഉയർന്ന നിലയിൽ ആയിരുന്നില്ല എൻ്റെ കുടുംബം. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ മരിക്കുന്നത്. പിന്നീട് അമ്മ ജോലി തേടി ഗൾഫിലേക്ക് പോയി. പോയിട്ട് ആദ്യത്തെ ആറു മാസം അമ്മ എവിടെ എന്നു പോലും എനിക്ക് അറിയില്ലായിരുന്നു. സ്പോണ്സറിൽ നിന്നും കുടുംബത്തിൽ കടുത്ത തൊഴിൽ പീഡനമാണ് അമ്മയ്ക്ക് നേരിടേണ്ടി വന്നത്. അതിനു ശേഷം അമ്മ നാട്ടിൽ വന്നു. പിന്നെ കുവൈത്തിലേക്ക് പോയി.അവിടെ നല്ലൊരു സ്ഥലത്താണ് അമ്മയ്ക്ക് ജോലി കിട്ടിയത്. അതിനു ശേഷമാണ് ജീവിതം അൽപമെങ്കിലും മെച്ചപ്പെട്ടത്.
അച്ഛൻ മരിച്ച ശേഷമുള്ള കുറച്ചു വർഷങ്ങൾ കഷ്ടാപ്പാടുകളുടേതായിരുന്നു. നല്ലൊരു ഡ്രസ്സ് പോലും ഇടാനില്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നു. ശേഷം അമ്മ രണ്ടാം വിവാഹം കഴിച്ചു. അങ്ങനെയാണ് ഡാഡി എന്നു പറയുന്നൊരാൾ എൻ്റെ ജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹവുമായി ഒന്നു സിങ്കായി വരാൻ തന്നെ കുറച്ചു സമയമെടുത്തു. കാരണം ഡാഡി നല്ല വിവരമുള്ല മനുഷ്യനായിരുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് പുള്ളി തിരിച്ചെത്തിയ ശേഷമായിരുന്നു ഈ വിവാഹം. ആ സമയത്താണ് ഡാഡിക്ക് പലതരം അസുഖങ്ങൾ വന്നത് അതിനുള്ള ചികിത്സയ്ക്ക് ഡാഡിയുടെ സമ്പാദ്യമെല്ലാം ചിലവാക്കേണ്ടി വന്നു. അമ്മയാണേൽ ഇതേ സമയം ഒരു ബിസിനസിന് ഇറങ്ങി അതും പരാജയപ്പെട്ടു. അങ്ങനെ കെട്ടിപ്പൊക്കിയെതെല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നാണ് ജീവിതം തുടങ്ങുന്നത്. സൂര്യമ്യൂസിക്കിൽ ജോലി തുടങ്ങി ആറുമാസമൊക്കെ ആയപ്പോൾ ആണ് ചെറുതായെങ്കിലും എന്തെങ്കിലും വീട്ടിൽ കൊടുക്കാൻ സാധിച്ചത്. ഇതേസമയാണ് അനിയനും ജോലിക്ക് കേറിയത്. പിന്നെ 2016-ലാണ് വിവാഹം.
മണി ക്യാൻ ബൈ ഹാപ്പിനസ് എന്നൊക്കെ ആൾക്കാർ പറയും. പക്ഷേ അതു തെറ്റാണ് എന്നാണ് ഞാൻ പഠിച്ചത്. എന്തിനു വേണ്ടി പണം ചെലവാക്കിയാലും ഇപ്പോൾ പേടിയില്ല. ഇനി നാളെ പണമില്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കാം എന്ന ധൈര്യമുണ്ട്.