നടന് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മിഥുന് മാന്വല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. സിനിമയില്‍ അബ്രഹാം ഓസ്ലര് എന്ന കഥാപാത്രം താന്‍ ചെയ്തില്ലെങ്കില്‍ സിനിമ തന്നെ വേണ്ടെന്ന് വെക്കുമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്ന് ജയറാം. മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതികരണം.

ജയറാം പറഞ്ഞത് :
ഇതൊരു ആക്ഷന്‍ സിനിമ ആണോ എന്നാണ് ഞാന്‍ മിഥുനോടു ചോദിച്ചത്. ആക്ഷനല്ല ഇതൊരു ക്രൈം മെഡിക്കല്‍ ത്രില്ലറാണെന്നു കേട്ടപ്പോള്‍ രസം തോന്നി. വയനാട്ടിലുള്ള ഡോക്ടര്‍ കൃഷ്ണയാണു കഥ എഴുതിയത്. കഥ മുഴുവന്‍ കേട്ടപ്പോള്‍ ഞാന്‍ മിഥുനോട് ചോദിച്ചു, ”ഇതു ജയറാമിനു ചേരുന്ന ക്യാരക്ടറാണോ അതോ നിങ്ങള്‍ വേറെ ആരിലേക്കെങ്കിലും പോകുന്നതാണോ നല്ലത്” എന്ന്. അത്രയും ഹെവി ആയിട്ടുള്ള നല്ല കഥാപാത്രമാണ്. ഞാന്‍ ചെയ്യുന്നില്ലെങ്കില്‍ അവര്‍ ഈ പടം തന്നെ വേണ്ടെന്നു വയ്ക്കും എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. ജീവിതത്തില്‍ ഒരുപാടു പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ് ഈ കഥാപാത്രം. ആ ഒരു രൂപവും നടത്തവും കഥാപാത്രത്തിന്റെ ഭൂതകാലവും കേട്ടപ്പോള്‍ വലിയ ആവേശമായി.
ജനുവരി 11നാണ് അബ്രഹാം ഓസ്ലര് തിയേറ്ററില്‍ എത്തുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് മാന്വല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അബ്രഹാം ഒസ്ലര് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം. അര്ജുന് അശോകന്, ജഗദീഷ്, ദിലീഷ് പോത്തന്, അനശ്വര രാജന്, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്ജുന് നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം എന്നിവരും ചിത്രത്തിലുണ്ട്. ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥ. സംഗീതം- മിഥുന് മുകുന്ദ്.
