കട ബാധ്യതകളുമായി ദുബായില്‍ നാല് വര്‍ഷം രണ്ട് നായ്ക്കള്‍ക്കും അമ്മയുടെ ചിതാഭസ്മത്തിനുമൊപ്പം കാറില്‍ താമസിച്ച പ്രിയ ഇന്ദ്രുമണിയുടെ വാര്‍ത്ത എഡിറ്റോറിയല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇവര്‍ക്ക് സഹായവുമായി എത്തിയത് ദുബായിലെ സംരംഭകയായ ജസ്ബീര്‍ ബാസ്സിയാണ്. 26 ലക്ഷം രൂപയുടെ ബാധ്യതകള്‍ തീര്‍ത്ത് പ്രിയ ഇന്ദ്രുമണിയെ അവര്‍ പുതു ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി.
കാര്‍ ഫെയര്‍ ഗ്രൂപ്പ് എം.ഡിയായ ജസ്ബീര്‍, പ്രിയയ്ക്ക് സഹായം കൈമാറിയതോടൊപ്പം അതേ കമ്പനിയില്‍ ജോലിയും നല്കി. ഇങ്ങനെ ഒരു പ്രിയ മത്രമല്ല, നിരവധി പേര്‍ക്ക് ആശ്രയവും സാഹയവുമാണ് പഞ്ചാബ് സ്വേദിശിനിയായ ജസ്ബീര്‍.
ഭര്‍ത്താവിനൊപ്പം ബിസിനസില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു ജസ്ബീര്‍. പക്ഷെ ഭര്‍ത്താവ് കെ എസ് ബാസ്സിയുടെ അപ്രതീക്ഷിത വിയോഗത്തിലും തളരാതെ ജസ്ബീര്‍ കമ്പനിയെ മുന്നില്‍ നിന്ന് നയിച്ച ജസ്ബീര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കാര്‍ ഫെയര്‍ ഗ്രൂപ്പിനെ യുഎഇയിലെ മുന്‍നിര കമ്പനികളില്‍ ഒന്നാക്കി മാറ്റി.
ബിസിനസില്‍ ഓരോ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഒരു പങ്ക് സമൂഹത്തിലെ താഴെ തട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മാറ്റി വെക്കാനും ജസ്ബീര്‍ മുന്‍കൈ എടുത്തു. പഞ്ചാബിലെ ചണ്ഡിഗഡില്‍ ജ്യോതി സരൂപ് കന്യാ ആസ്ര എന്ന ഓര്‍ഫനേജിന് അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. പ്രിയ ഇന്ദ്രുമണിയെ പോലെ ഗള്‍ഫിലെത്തി നാടണയാന്‍ പ്രയാസപ്പെടുന്ന നിരവധി പേര്‍ക്ക് സഹായവുമായി ജസ്ബീര്‍ ബാസ്സി എത്തിയിട്ടുണ്ട്.
യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് സ്വന്തം കുടുംബങ്ങളിലേക്കുള്ള പ്രവാസികളുടെ മടക്കം എളുപ്പമാക്കി. ദുബായ് ഭരണാധികാരിയുടെ ഏറ്റവും വലിയ കാരുണ്യ പദ്ധതിയായ ദുബായ് കെയേഴ്സിലേക്ക് അഞ്ച് മില്യണ്‍ ദിര്‍ഹത്തിന്റെ സഹായമാണ് കാര്‍ ഫെയര്‍ ഗ്രൂപ്പ് നല്‍കിയത്.
റാഷിദ് സെന്റര്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനില്‍ ഭര്‍ത്താവ് കെ എസ് ബാസ്സിയുടെ ഓര്‍മയ്ക്കായി അവര്‍ ഗതാഗത സംവിധാനം ഒരുക്കി നല്കി. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി യു എന്‍ ഹൈക്കമ്മീഷനുമായി കൈകോര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന അഭയാര്‍ത്ഥികള്‍ക്കും കൈത്താങ്ങായി ജസ്ബീര്‍ എത്തുന്നുണ്ട്.
എഡിറ്റോറിയല്‍ മാംഗല്യത്തിലൂടെ അനാഥരായ പെണ്‍കുട്ടികള്‍ പുതുജീവിതത്തിലേക്ക് കടന്നപ്പോഴും സഹായ ഹസ്തവുമായി അവര്‍ എത്തി. സാധാരണക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും നല്കുന്ന മികച്ച നിലവാരമുള്ള ട്രാവല്‍ സൊലൂഷന്‍സ് ആണ് കാര്‍ ഫെയര്‍ ഗ്രൂപ്പിനെ എപ്പോഴും വേറിട്ട് നിര്‍ത്തുന്നത്.
1995ല്‍ വെറും അഞ്ച് കാറുകളുമായാണ് കെ എസ് ബസ്സി കാര്‍ ഫെയര്‍ എന്ന സംരംഭം ആരംഭിച്ചത്. ഇന്ന് 3000 ത്തിലധികം വാഹനങ്ങളുടെ കരുത്തുണ്ട് കാര്‍ ഫെയറിന്.
പ്രതിസന്ധികളില്‍ പതറാതെ ജീവനക്കാര്‍ക്കൊപ്പം അവരിലൊരാളായി നടന്നത് അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്ന ജസ്ബീര്‍ ബാസ്സിയെ എഡിറ്റോറിയല്‍ വണ്ടര്‍ വുമണ്‍ അവാര്‍ഡ്സിലൂടെ ‘വുമണ്‍ ഓഫ് ഇന്സ്പിരേഷന്’ ആയി ആദരിച്ചു.