ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായി ഭരിക്കുന്ന അമേരിക്കയിൽ ജീവിക്കാൻ താത്പര്യമില്ലെന്നും രാജ്യം വിടുകയാണെന്നും വിഖ്യാത ചലച്ചിത്ര സംവിധായകൻ ജെയിംസ് കാമറൂൺ. അമേരിക്ക നാളിത് വരെ പുലർത്തി പോന്ന മഹത്തായ നിലപാടുകളിൽ നിന്നും ആശയങ്ങളിൽ നിന്നുമുള്ള പിൻവലിയലും തിരിഞ്ഞു നടത്തവുമാണ് ഇപ്പോൾ നടക്കുന്നതെന്നും ജെയിംസ് കാമറൂൺ കുറ്റപ്പെടുത്തി.
യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുമായുള്ള ട്രംപിൻ്റെ വാക്ക്തർക്കം വലിയ വിവാദമായതിന് പിന്നാലെയാണ് ജെയിംസ് കാമറൂണിൻ്റെ വാക്കുകൾ ചർച്ചയാവുന്നത്. ന്യൂസിലാൻഡ് മാധ്യമമായ സ്റ്റഫിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്ക വിടാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് ൭൦-കാരനായ ജെയിംസ് കാമറൂൺ വിശദീകരിക്കുന്നത്.
കാമറൂണിൻ്റെ വാക്കുകൾ –
“ഇത് ഭയാനകമായൊരു സാഹചര്യമാണെന്നാണ് ഞാൻ കരുതുന്നത്. അമേരിക്ക നാളിത് വരെയുള്ള ഉയർത്തിപിടിച്ച എല്ലാ മൂല്യങ്ങളിൽ നിന്നുമുള്ള പിൻവലിയലും തിരിഞ്ഞു നടത്തവുമാണ് ഇത്. സ്വന്തം നേട്ടത്തിനായി അമേരിക്കയുടെ രാഷ്ട്രീയ മൂല്യങ്ങളെല്ലാം അതിവേഗം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ന്യൂസിലാൻഡിൽ കൂടുതൽ സുരക്ഷിതത്വം തോന്നുന്നുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ എല്ലാ ദിവസവും ഒന്നാം പേജിൽ അയാളെ കാണുകയും വായിക്കുകയും ചെയ്യേണ്ടി വരില്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് വെറുപ്പുളവാക്കുന്നതാണ്. ന്യൂസിലൻഡ് മാധ്യമങ്ങളെക്കുറിച്ച് എന്തോ നല്ല കാര്യമുണ്ട് – കുറഞ്ഞത് അവർ അത് മൂന്നാം പേജിലെങ്കിലും അയാളെക്കുറിച്ചുള്ള വാർത്തകൾ ഇടും … ആ വ്യക്തിയുടെ മുഖം ഇനി പത്രത്തിന്റെ ഒന്നാം പേജിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് അവിടെ ഒഴിവാക്കാനാവാത്തതാണ്, ഒരു കാർ അപകടം വീണ്ടും വീണ്ടും കാണുന്നത് പോലെയാണത്”
ഞാൻ കാനഡയിലാണ് വളർന്നത്, ഇവിടുത്തെ ആളുകളുടെ പെരുമാറ്റത്തിൽ എനിക്ക് കാനഡയുമായി ധാരാളം സമാനതകൾ കാണാൻ കഴിയും. എനിക്ക് ഇവിടെ കുറച്ചുകൂടി ഇഷ്ടമാണ്. ഇവിടെ പരസ്പരം ഒരു ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. വ്യക്തിത്വത്തിന്റെ കാര്യത്തിൽ എല്ലാവർക്കും തുല്യ പദവിയുണ്ട്. എനിക്ക് അത് ഇഷ്ടമാണ് – അതാണ് എന്റെ കുട്ടികൾ അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിച്ചത്
ന്യൂസിലാൻഡിലേക്ക് കുടിയേറാനുള്ള പദ്ധതി വളരെക്കാലം മുൻപേ തന്നെ ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. 2012 -ൽ തന്നെ സൗത്ത് വൈരാരപ്പയിൽ ഒരു വലിയ ഡയറി ഫാം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ അവതാർ സീരിസ് സിനിമകളുടെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമെല്ലാം വെല്ലിംഗ്ടണിലാണ് നടക്കുന്നത്.