അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിൻറെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയിൽ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികൾ അത്രയധികം ഹൃദയത്തോട് ചേർത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിൻറേത്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ 73-ാം പിറന്നാൾ ദിനത്തിൽ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ‘വല’ അണിയറപ്രവർത്തകർ.
വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് പോസ്റ്റർ സമർത്ഥിക്കുന്നു. പ്രൊഫസർ അമ്പിളി അഥവാ അങ്കിൾ ലൂണാർ എന്നാണ് ചിത്രത്തിൽ അദ്ദേഹത്തിൻറെ കഥാപാത്രത്തിൻറെ പേര്. ശരിക്കും ലോകത്തെ തൻറെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞൻറെ റോളാണ് അദ്ദേഹത്തിന് എന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്തമായ അവതരണമാണ് പോസ്റ്ററിലേത്. നിമിഷ നേരം കൊണ്ട് കിടിലൻ പോസ്റ്റർ വൈറലായിരിക്കുകയാണ്.
‘ഗഗനചാരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുൺ ചന്തുവിൻറെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയൻസ് ഫിക്ഷൻ മോക്യുമെന്ററിയായ ‘ഗഗനചാരി’ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് ‘വല’ എന്ന പുതിയ ചിത്രമെത്തുന്നത്. ഭൂമിയിൽ നിന്നും പുറത്തേക്ക് വളർന്ന നിലയിലുള്ള ചുവപ്പൻ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗൺസ്മെൻറ് വീഡിയോയും രസകരമായിരുന്നു.
ഗോകുൽ സുരേഷും അജു വർഗീസും ഭാഗമായ ഈ അനൗൺസ്മെൻറ് വീഡിയോ വലയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. കോമഡി കൂടി കലർന്നായിരിക്കും മലയാളത്തിൻറെ സോംബികൾ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നൽകിയിരുന്നത്. ഇപ്പോഴിതാ പുതിയ ക്യാരക്ടർ പോസ്റ്ററും ഏവരും നെഞ്ചോടുചേർത്തിരിക്കുകയാണ്.
‘ഗഗനചാരി’യുടെ തുടർച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയൻസ് ഫിക്ഷൻ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തിൽ പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനിൽ കണ്ടുവരാറുള്ളത്. ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളിൽ നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭാഷകളിൽ വളരെ വിരളമായേ സോംബികൾ സ്ക്രീനിൽ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോൾ വല വരാൻ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.
ഗോകുൽ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരിക്കാർ, കെ. ബി. ഗണേശ്കുമാർ, ജോൺ കൈപ്പള്ളിൽ, അർജുൻ നന്ദകുമാർ എന്നിവരും വലയിൽ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുൽ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.
അണ്ടർഡോഗ്സ് എൻറർടെയ്ൻമെൻറ്സ് നിർമിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്സ് എൻറർടെയ്ൻമെൻറ്സാണ്. ടെയ്ലർ ഡർഡനും അരുൺ ചിന്തുവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം സുർജിത് എസ് പൈ, സംഗീതം ശങ്കർ ശർമ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആർജി വയനാടൻ, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈൻ ശങ്കരൻ എഎസ് സിദ്ധാർത്ഥൻ എന്നിവർ നിർവ്വഹിക്കുന്നു. ഫൈനൽ മിക്സ് വിഷ്ണു സുജാതൻ, ക്രിയേറ്റീവ് ഡയറക്ടർ വിനീഷ് നകുലൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആർഒ ആതിര ദിൽജിത്ത്.