ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഇതോടെ ഗസയുമായുള്ള ആശയ വിനിമയ ഉപാധികള്‍ പൂര്‍ണമായും തകര്‍ന്നു. ഗസയിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സന്നദ്ധ സംഘടനകളും അന്താരാഷ്ട്ര മാധ്യമങ്ങളും അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ ഗസയ്ക്കെതിരെ നടത്തിയത്. യുഎന്നിന്റെ വെടി നിര്‍ത്തല്‍ ആവശ്യം നിരാകരിച്ച ഇസ്രയേല്‍ കര-വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായും അറിയിച്ചു.
ഗസയിലെ ആരോഗ്യ സംവിധാനങ്ങളും താറുമാറായിട്ടുണ്ട്. ആശയ വിനിമയം നഷ്ടമായതോടെ പ്രദേശത്തെ സാഹചര്യത്തെകുറച്ച് പുറം ലോകത്തിന് അറിയാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. 23 ലക്ഷത്തോളം വരുന്ന ജനത ഗസയില്‍ ആരുമായും ആശയവിനിമയത്തിന് സാധ്യമാകാതെ ഒറ്റപ്പെട്ടതായാണ് വിവരം.
ഗസയിലുള്ള സ്റ്റാഫുകളുമായി ആശയ വിനിമയം സാധ്യമാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെചൊല്ലിയും അത്യാവശ്യമുള്ളവര്ത്ത് ചികിത്സ ലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7 മുതലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ 7326 പലസ്തീനികള്‍ ആണ് ഇതുവരെ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നത്. 1400 പേരാണ് ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത്.