സിറിയയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന് റെവലൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ജനറല്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്. ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സി(ഐആര്‍ജിസി)ന്റെ വിദേശ വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിര്‍ന്ന ഉപദേശകരില്‍ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാന് അറിയിക്കുന്നു.
തിങ്കളാഴ്ചയാണ് റാസി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി, ഇസ്രയേല്‍ ഈ കുറ്റത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്കി.
സെയ്നാബിയ ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഇറാന് സൈനിക ജനറല്‍ കൊല്ലപ്പെട്ടതെന്ന് ഇറാന് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മിസൈലുകളാണ് മൗസവിയെ ലക്ഷ്യം വെച്ച് എത്തിയത്. ആക്രമണം നടന്ന സ്ഥലത്ത് പുകപടലങ്ങള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങളും മാധ്യമം പുറത്തുവിട്ടു.
2020ല്‍ യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അടുത്തയാളാണ് റാസി മൗസവി.
അതേസമയം, സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.