കാബൂൾ: അനധികൃതമായി ഇറാനിലേക്ക് കടന്ന 21,407 അഫ്ഗാൻ കുടിയേറ്റക്കാരെ ഇറാൻ ഗാർഡുകൾ പിടികൂടി നാടുകടത്തി. ഇറാൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഖൊറാസാൻ റസാവി പ്രവിശ്യയിലെ ചെക്ക് പോസ്റ്റ് വഴിയാണ് കുടിയേറ്റക്കാരെ ഇറാൻ ഗാർഡുകൾ തിരികെ അയച്ചത്. ഇറാൻ ഗാർഡുകളിൽ നിന്നും കുടിയേറ്റക്കാരെ തിരികെ ഏറ്റെടുത്തതായി പ്രവിശ്യയിലെ താലിബാൻ അതിർത്തി കാവൽ കമാൻഡർ മാജിദ് ഷുജയെ ഉദ്ധരിച്ച് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരിച്ചെത്തിയ കുടിയേറ്റക്കാരെ ദോഗാരുൺ ജില്ലയിലെ താലിബാൻ പ്രതിനിധിക്ക് കൈമാറിയതായി ഷൂജ പറഞ്ഞതായി അഫ്ഗാൻ മാധ്യമമായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. 2023ലെ ആദ്യ ആറുമാസത്തിനുള്ളിൽ 328,000 അഫ്ഗാൻ കുടിയേറ്റക്കാരെ ഇറാനിൽ നിന്ന് നാടുകടത്തിയതായും ഖാമ പ്രസ് റിപ്പോർട്ടിലുണ്ട്. റസിഡൻസി പെർമിറ്റുണ്ടായിരുന്ന അഫ്ഗാൻ പൗരൻമാരേയും ഇറാൻ നാടുകടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇറാൻ പൊലീസ്, ഇറാൻ ഗാർഡ് എന്നിവരുടെ ഭാഗത്ത് നിന്നും അറസ്റ്റ് , നാടുകടത്തൽ ഭീഷണിയും പലതരം പീഡനങ്ങളും നേരിടേണ്ടി വരുന്നതായി നേരത്തെ അഫ്ഗാൻ അഭയാർത്ഥികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ രിപ്പോർട്ട് ചെയ്തു. അയൽരാജ്യങ്ങളിൽ അഭയം പ്രാപിച്ച അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തരുതെന്ന് താലിബാൻ നേരത്തെ ആരോപിച്ചിരുന്നു. ഇറാനെ കൂടാതെ പാക്കിസ്ഥാനും സമാനമായ രീതിയിൽ അഫ്ഗാനിൽ നിന്നും കുടിയേറിയവരെ തിരികെ മടക്കി അയക്കുകയാണ്.
അഭയാർത്ഥികളെ നിർബന്ധിച്ച് നാടുകടത്തരുത്, അവരോട് നിയമവിരുദ്ധമായി പെരുമാറരുത്. കുടിയേറ്റക്കാരോട് സഹിഷ്ണുത പുലർത്തുക എന്നതാണ് ഇറാനോടും പാകിസ്ഥാനോടും ഉള്ള ഞങ്ങളുടെ സന്ദേശം, അടിച്ചമർത്തൽ നടത്തരുത്, പീഡനം തടയരുത്, ”താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, നവംബർ ഒന്നിന് അഫ്ഗാൻ കുടിയേറ്റക്കാരെ നിർബന്ധിതമായി രാജ്യത്ത് നിന്ന് നാടുകടത്താൻ പാകിസ്ഥാൻ ഇടക്കാല സർക്കാർ തീരുമാനിച്ചു. അതിനുശേഷം 220,000 അഫ്ഗാൻ കുടിയേറ്റക്കാരെ പാകിസ്ഥാൻ നാടുകടത്തിയിട്ടുണ്ട്.
