സാമൂഹ്യ പ്രവർത്തക ഡോ.താഹിറ കല്ലുമുറിക്കൽ എഴുതിയ ഇന്തധാർ കാത്തിരിപ്പിൻ്റെ സൗന്ദര്യം എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്തു. ചൂരൽമല ദുരന്തത്തിൽ കുടുംബത്തേയും വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടപ്പെട്ട് കേരളത്തിൻ്റെ കണ്ണീരായി മാറിയ ശ്രുതിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുസ്തക വിൽപനയിൽ നിന്നുള്ള വരുമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും വയനാട് ദുരന്തമേഖലയിലെ വിദ്യാർത്ഥികൾക്കായുള്ള ഡോണേറ്റ് എ ബുക്ക് പുദ്ധതിക്കുമായി കൈമാറുമെന്ന് രചയിതാവ് ഡോ.താഹിറ കല്ലുമുറിക്കൽ പറഞ്ഞു. ഡോണേറ്റ് എ ബുക്ക് പദ്ധതിയിലൂടെ പ്രകൃതി ദുരന്തത്തിൽ തകർന്ന പ്രദേശത്തെ വായനയിലേക്ക് തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യം കൂടിയാണ് മുന്നിലുള്ളതെന്നും താഹിറ കൂട്ടിച്ചേർത്തു.
പുസ്തകത്തിൻ്റെ ആദ്യ പ്രതി ഡോ.വിനി ദേവയാനിയിൽ നിന്നും ശ്രുതി ഏറ്റുവാങ്ങി. ആരോഗ്യവിദഗ്ദ്ധൻ കൂടിയായ ഡോ.എസ്.എസ് ലാലും ചടങ്ങിൽ അതിഥിയായി എത്തി. ഡോണേറ്റ് എ ബുക്ക് പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൈരളി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീരിക്കുന്നത്.