സാമ്പത്തിക തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്തടക്കമുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ഡിജിറ്റല്‍ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി ഇൻ്റർപോൾ. ഇൻ്റര്‍പോൾ പ്രസിഡൻ്റ് മേജർ ജനറൽ അഹമ്മദ് അൽ റയ്സിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, ഇറാഖ്, ജോർദാൻ ഉൾപ്പടെ 22 രാജ്യങ്ങളുടെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം 1,300ലധികം അറസ്റ്റുകൾ നടന്നിരുന്നു. 581 കിലോഗ്രാം നിരോധിത ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.
റാൻസംവെയർ ആക്രമണങ്ങളും മയക്കുമരുന്ന് കടത്തും ഏഷ്യയിലെ ഏറ്റവും വലിയ കുറ്റകൃത്യ ഭീഷണിയാണ്. 2022ൽ ഏഷ്യയിൽ മാത്രം ഇൻ്റർപോൾ ഓപ്പറേഷനുകളിൽ 4,000 ത്തിലധികം പ്രതികളാണ് അറസ്റ്റിലായത്. 1 ബില്യൺ ഡോളറിലധികം (3.6 ബില്യൺ ദിർഹം) ക്രിമിനൽ സ്വത്തുക്കൾ തടഞ്ഞതായി മേജർ ജനറൽ അൽ റൈസി പറഞ്ഞു. പരസ്പര സഹകരണത്തോടെയുളള ഇൻ്റർപോളിന്റെ പ്രവര്‍ത്തനം വിജയകരമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
അടുത്തിടെ അബുദാബിയിൽ നടന്ന ഇൻ്റർപോൾ ഏഷ്യൻ റീജിയണൽ കോൺഫറൻസിൽ 42 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം നിയമപാലകരുമായി മേഖലയിലെ പ്രശ്നങ്ങൾ ചര്‍ച്ചചെയ്തിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതായും കോണ്‍ഫറന്‍സ് വിലയിരുത്തി. ഇൻ്റർപോളിനെ ഡിജിറ്റൽ യുഗത്തിലേക്ക് മാറ്റുന്നതിലും കോണ്‍ഫറസ് തീരുമാനമെടുത്തിരുന്നു.