തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പശ്ചത്താലത്തിൽ സഹായഹസ്തവുമായി വ്യവസായികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കേരളത്തിലെ പ്രമുഖ വ്യവസായികൾ സഹായധനം നൽകുന്നത്
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, കല്ല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാൻ കല്ല്യാണരാമൻ, ആർ.പി ഗ്രൂപ്പ് ഉടമ രവി പിള്ള എന്നിവരാണ് അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിഴിഞ്ഞം തുറമുഖം കരാർ അവകാശമുള്ള അദാനി പോർട്സ് അഞ്ച് കോടി രൂപയുടെ സഹായവാഗ്ദാനമാണ് നൽകിയത്. സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇയും അഞ്ച് കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കാനാറാ ബാങ്ക് ഒരു കോടി രൂപയും പൊതുമേഖലസ്ഥാപനമായ കെഎംഎംഎൽ അൻപത് ലക്ഷം രൂപയും വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു. ഔഷധി ചെയർപേഴ്സണ്‍ ശോഭന ജോർജ്ജ് പത്ത് ലക്ഷം രൂപ കൈമാറി.
തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ സഹായം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി വേലു സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി.
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ സാംസ്കാരിക സംഘടനയായ ഓർമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചു.