മുംബൈ: ബജറ്റ് എയർലൈനായ ഇൻഡിഗോ അന്താരാഷ്ട്ര സർവ്വീസുകൾ ഇരട്ടിയാക്കാൻ ഒരുങ്ങുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ അന്താരാഷ്ട്ര സർവ്വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം ഇരുപതിൽ നിന്നും നാൽപ്പതായി ഉയർത്താനാണ് പദ്ധതിയെന്ന് എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
2030- ആഗോള എയർലൈൻ ബ്രാൻഡായി ഇൻഡിഗോയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സർവ്വീസുകൾ വിപുലപ്പെടുത്താൻ ഇൻഡിഗോ ഒരുങ്ങുന്നത്. ഇന്ത്യൻ വിമാനക്കമ്പനികൾ സജീവമല്ലാത്ത നഗരങ്ങളെയാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഏതൊക്കെയാണ് ഈ നഗരങ്ങൾ എന്ന് എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് വ്യക്തമാക്കിയില്ലെങ്കിലും അൽ ഐനും മൗറീഷ്യസും അടക്കമുള്ളവയാണ് ഈ നഗരങ്ങളെന്നാണ് സൂചന.
തങ്ങളുടെ വിമാനങ്ങളിൽ ഈ വർഷം തന്നെ ബിസിനസ് ക്ലാസ്സുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ നേരത്തെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര സർവ്വീസ് വിപുലീകരണത്തോടൊപ്പം, കാർഗോ വ്യാപാരവും മെച്ചപ്പെടുത്താൻ ഇൻഡിഗോ ശ്രമം തുടങ്ങി കഴിഞ്ഞു. 2027 മുതൽ വൈഡ് ബോഡി വിമാനങ്ങൾ ഇറക്കി കാർഗോ നീക്കം വർധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
വിർജിൻ അറ്റ്ലാൻ്റിക്, എയർ ഫ്രാൻസ്, കെഎൽഎം, ക്വാണ്ടാസ് എന്നിവയുൾപ്പെടെ പ്രമുഖ ആഗോള വിമാനക്കമ്പനികളുമായി എയർലൈൻ കോഡ്ഷെയർ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.തന്ത്രപരമായ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്ര സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ഇൻഡിഗോയുടെ നിരന്തരമായ ശ്രമങ്ങളാണ് ഇതെല്ലാം എന്ന് എൽബേഴ്സ് ചൂണ്ടിക്കാട്ടി. ഗുവാഹത്തി പോലെ ഇന്ത്യയിലെ പല റൂട്ടുകളിലും ഇൻഡിഗോ വിജയകരമായി സർവ്വീസുകൾ നടത്തുന്നുണ്ട്.
2030-ഓടെ വിമാനങ്ങളുടേയും സർവ്വീസുകളുടേയും എണ്ണം ഇരട്ടിയാക്കി റയാൻഎയർ, ചൈന ഈസ്റ്റേൺ എയർലൈൻസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി നേരിട്ട് മത്സരിക്കാനും ആഗോളതലത്തിൽ പ്രമുഖ ബ്രാൻഡാവുകയുമാണ് ഇൻഡിഗോ എയർലൈൻസിൻ്റെ ലക്ഷ്യം.
ഓർഡർ നൽകിയ പുതിയ വിമാനങ്ങൾ 2025-ലും 2027-ലുമായി ലഭിച്ചു തുടങ്ങുമെന്നാണ് ഇൻഡിഗോ പ്രതീക്ഷിക്കുന്നത്. ഈ വിമാനങ്ങൾ എത്തുന്നതോടെ വടക്കേ അമേരിക്ക, യൂറോപ്പ് മേഖലകളിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനാണ് ഇൻഡിഗോയുടെ പദ്ധതി.
ഇൻഡിഗോയുടെ ലോംഗ്-റേഞ്ച് A321 XLR-കളുടെ ഓർഡർ 2025-ഓടെ എത്തിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, വൈഡ്-ബോഡി A350-കൾ 2027-ൽ ഡെലിവറി തുടങ്ങും. കാർഗോ വിമാനങ്ങൾക്കുള്ള സാധ്യതയും കമ്പനിയുടെ പരിഗണനയിലാണ്.