ദുബായ്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ വച്ച് മരണപ്പെട്ട ഒരു വ്യക്തിയുടെ മൃതദേഹം ദുബായിലെത്തിച്ച് സംസ്കരിച്ചു. ദുബായ് ആസ്ഥാനമായുള്ള എം.എച്ച് ഗ്രൂപ്പിൻ്റെ ഉടമയായ ഹേംചന്ദ് ചതുർഭുജ് ദാസ് ഗാന്ധിയുടെ മൃതദേഹമാണ് സങ്കീർണമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ട് ദിവസം കൊണ്ട് ദുബായിൽ എത്തിച്ച് സംസ്കരിച്ചത്. താൻ മരണപ്പെട്ടാൽ സംസ്കാരം കർമ്മഭൂമിയായ ദുബായിൽ തന്നെ നടത്തണമെന്ന് മരണപ്പെടുന്നതിന് രണ്ട് ദിവസം മുൻപും ഹേംചന്ദ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് എന്തു വില കൊടുത്തും സംസ്കാരം ദുബായിൽ നടത്താൻ കുടുംബം ഇറങ്ങിപ്പുറപ്പെട്ടത്.
ആറ് പതിറ്റാണ്ടായി യുഎഇയിൽ താമസിക്കുകയായിരുന്ന ഹേം ചന്ദിന് 85 വയസ്സായിരുന്നു. ചൊവ്വാഴ്ച ജൻമനാടായ മുംബൈയിൽ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതും മരണം സംഭവിച്ചതും. ദിവസങ്ങൾക്ക് മുൻപാണ് ഹേം ചന്ദ് ദുബായിൽ നിന്നും മുംബൈയിൽ എത്തിയത്. ദുബായിലെ പുതിയ ശ്മശാനത്തിൽ വച്ചു നടന്ന സംസ്കാരചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ദുബായിലെ അൽ മൻഖൂളിലെ ഹേംചന്ദിൻ്റെ വില്ലയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നുള്ളവർ എത്തി ഹേംചന്ദിന് അന്തിമോപചാരം അർപ്പിച്ചു. 63 വർഷമായി ദുബായിൽ ജീവിച്ച അദ്ദേഹം തൻ്റെ അന്ത്യനിദ്രയും ഇതേ ഭൂമിയിലാവണമെന്ന് ആഗ്രഹിച്ചിരുന്നു.
ബോട്ടിലേറി അറേബ്യയിൽ…
1962-ൽ പഴയ ബോംബെയിൽ നിന്ന് ഒമാൻ വഴി ഒരു ബോട്ടിലാണ് ഹേംചന്ദ് ദുബായിൽ എത്തുന്നത്. ഒരു മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റും 300 രൂപയും മാത്രമാണ് അദ്ദേഹത്തിൻ്റെ കൈവശമുണ്ടായിരുന്നത്. എങ്ങനെയും ഒരു ജീവിതമുണ്ടാക്കണം എന്ന വാശിപ്പുറത്ത് ദുബായിൽ എത്തിയ അദ്ദേഹം ആദ്യം ഒരു റേഡിയോ മെക്കാനിക്കായിട്ടാണ് ജോലി ചെയ്തത്. പിന്നീട് ഹൈ സ്പീഡ് ടൈപ്പിംഗിലുള്ള മിടുക്ക് കാരണം ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റിൽ ടൈപ്പിസ്റ്റായി ജോലി നേടി. എന്നാൽ ഓഫീസ് ജോലിക്കപ്പുറം വലിയൊരു ജീവിതം ഹേംചന്ദ് സ്വപ്നം കണ്ടിരുന്നു. ദുബായിലെ വ്യാപാരമേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണി വരെയായിരുന്നു ബ്രിട്ടീഷ് ബാങ്കിൻ്റെ പ്രവർത്തനസമയം. ഉച്ച കഴിഞ്ഞാൽ ഇഷ്ടം പോലെ സമയം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ പാർട്ട് ടൈമായി അദ്ദേഹം ഒരു റെസ്റ്റോറൻ്റ് ഏറ്റെടുത്തു.
ബാങ്കിലെ ജോലിക്കൊപ്പം സമാന്തരമായി അദ്ദേഹം ഹോട്ടൽ ബിസിനസ്സും മുന്നോട്ട് കൊണ്ടു പോയി. 18 വർഷം ജോലി ചെയ്ത ശേഷം പൂർണമായും വ്യവസായത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അദ്ദേഹം ബാങ്ക് ജോലി വിട്ടു. 1978 ഓടെ ഹേംചന്ദ് എം.എച്ച് എൻ്റർപ്രൈസസ് സ്ഥാപിച്ചു. വൈകാതെ ആ സ്ഥാപനം യുഎഇയ്ക്ക് പുറത്തേക്കും വളർന്നു. ഭക്ഷ്യവിതരണത്തിൽ മിഡിൽ ഈസ്റ്റിലെ മുൻനിരകമ്പനിയായി എം.എച്ച് എൻ്റർപ്രൈസസ് മാറി. ബിസിനസിൻ്റെ ആദ്യഘട്ടത്തിൽ ഭക്ഷണം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമെല്ലാം ഹേംചന്ദ് തന്നെ സ്വയം ട്രക്ക് ഓടിച്ച് പോകുകയായിരുന്നു പതിവ്.
1986-ൽ അൽ റാസിൽ അദ്ദേഹം കട തുറന്നു. 1992-ൽ, ഭക്ഷ്യ, വ്യാവസായിക രാസവസ്തുക്കളുടെ വേഗത്തിലുള്ള വിതരണത്തിനായി വലിയൊരു വെയർഹൌസും കെമിക്കൽ ഡിവിഷനും അദ്ദേഹം തുറന്നു. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിലൂടെ യൂണിലിവർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ എം.എച്ച് ഗ്രൂപ്പിനായി. ഇതിനോടകം പലചരക്ക്, സുഗന്ധദ്രവ്യങ്ങൾ, മിഠായി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലേക്ക് എം.എച്ച് ഗ്രൂപ്പ് വളരുകയും ചെയ്തു. 2,500-ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു ബിസിനസ്സ് സാമ്രാജ്യമായി ഇതിനിടെ എം.എച്ച് ഗ്രൂപ്പ് വളർന്നു. യുഎഇ, ഒമാൻ, മാലിദ്വീപ്, സീഷെൽസ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യം നിലനിർത്തി. ഇന്ത്യയിലെ ഡ്യൂട്ടി ഫ്രീ വിഭാഗത്തിലേക്കും ഗ്രൂപ്പ് കടന്നു, അദാനി ഇൻഡസ്ട്രീസ് ഒടുവിൽ കമ്പനിയുടെ ഒരു പ്രധാന ഓഹരി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഒരു പ്രവാസി വ്യവസായി എന്ന നിലയിൽ വലിയ വിജയം നേടിയെങ്കിലും തീർത്തും സാധാരണ ജീവിതമാണ് ഹേംചന്ദ് നയിച്ചു പോന്നത്. 85 -ാം വയസ്സിലും കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. കർശനമായ ജോലി സമയക്രമം പാലിക്കുന്ന സ്ഥാപനത്തിനായി സ്വയം സമർപ്പിച്ച ഒരു സംരംഭകനായിട്ടാണ് ജീവനക്കാർ അദ്ദേഹത്തെ ഓർക്കുന്നത്.
രാവിലെ മുതൽ വൈകുന്നേരം വരെ ഓഫീസിൽ ഗാന്ധിജിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും നിരന്തര പ്രയത്നത്തിനുള്ള വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതമെന്നും എംഎച്ച് ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.
“കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ആഴ്ചയിൽ ആറ് ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ അദ്ദേഹം ഓഫീസിലുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും സജീവമായിരുന്നു. പ്രായം കൊണ്ടും ഊർജ്ജം കൊണ്ടും ഒരു യുവാവിനെ പോലെയാണ് അദ്ദേഹം എല്ലാവരോടും ഇടപെട്ടത്. കമ്പനിയെ വലിയ ഉയരങ്ങളിലേക്ക് നയിച്ച അദ്ദേഹം വലിയ വ്യവസായ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചു. ദുബായ് ക്വാളിറ്റി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ഇക്കാലയളവിൽ അദ്ദേഹത്തെ തേടിയെത്തി. – വിൽസൺ മേത്ത ഓർത്തെടുക്കുന്നു.
മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ആറ് പതിറ്റാണ്ടിലേറെയായി താൻ താമസിച്ചിരുന്ന ദുബായ് നഗരത്തിൽ തന്നെ സംസ്കരിക്കണമെന്ന ആഗ്രഹം അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു. മുംബൈയിൽ വെച്ച് ഹൃദയാഘാതം വന്ന് അദ്ദേഹം മരണപ്പെട്ടപ്പോൾ പിതാവിന്റെ ആഗ്രഹം നിറവേറ്റാൻ മകൻ മനീഷ് ഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത് വലിയ വെല്ലുവിളികളാണ്.
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ സ്ഥിരമായി കൊണ്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നും അങ്ങോട്ടേക്ക് മൃതദേഹം കൊണ്ടു പോയിരുന്നില്ല. അതിനാൽ ഇതുമായി ബന്ധപ്പെട്ടൊരു പ്രോട്ടോക്കോളും നിലവിൽ ഉണ്ടായിരുന്നില്ല. ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ പോലീസ്, യുഎഇ, ഇന്ത്യൻ കോൺസുലേറ്റുകൾ, ദുബായ് പോലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെ ഇരു രാജ്യങ്ങളിലെയും
പല ഏജൻസികളിൽ നിന്നുള്ള നിരവധി അനുമതികളും രേഖകളും മൃതദേഹം കൊണ്ടു പോകാൻ ആവശ്യമായിരുന്നു.
എങ്കിലും മനീഷ് ഗാന്ധിയും എം.എച്ച് ഗ്രൂപ്പ് ജീവനക്കാരും ചേർന്ന് നടത്തിയ കഠിനധ്വാനത്തിലൂടെയും ഇന്ത്യയിലേയും യുഎഇയിലേയും ഉദ്യോഗസ്ഥരുടെ സഹകരണവും കാരണം രണ്ട് ദിവസം കൊണ്ട് ആവശ്യമായ അനുമതികളെല്ലാം നേടി ഹേംചന്ദിൻ്റെ മൃതദേഹം ദുബായിൽ എത്തിക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ജബൽ അലിയിലെ ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കാരം നടത്തുകയും ചെയ്തു.