ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം തിരികെ പിടിച്ച് ടീം ഇന്ത്യ. ദുബായിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ മുത്തിമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് അൻപത് ഓവറിൽ 251 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ (73) ശ്രേയസ്സ് അയ്യർ (42) എന്നിവരുടെ ബാറ്റിംഗ് മികവിൽ നാല് വിക്കറ്റിന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് നിശ്ചിത അൻപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റണ്‍സാണ് നേടിയത്. ഓപ്പണർമാരായ രചിൻ രവീന്ദ്രയും (൩൭) യംഗും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൌളർമാർ കിവീസിനെ ശരാശരി സ്കോറിൽ ഒതുക്കുകയായിരുന്നു.
അവസാന ഓവറുകളിൽ 40 പന്തിൽ 53 റണ്‍സ് നേടി മൈക്കിൾ ബ്രേസ്വെൽ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 101 പന്തിൽ 63 റണ്‍ നേടിയ ഡാരിയൽ മിച്ചലാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. പേസർമാരായ ഷമിയും ഹർദിക്കും നന്നായി റണ്‍ വിട്ടുകൊടുത്തെങ്കിലും രവീന്ദ്ര ജഡേജയും അക്സർ പട്ടേലും അടങ്ങിയ സ്പിൻ നിര കിവീസ് ബാറ്റർമാരെ വരിഞ്ഞു കെട്ടി.
സ്പിന്നിന് അനുകൂലമായി ദുബായ് സ്റ്റേഡിയത്തിലെ പിച്ചിൽ കരുതലോടെയാണ് ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്ന് കൂട്ടിച്ചേർത്തത് 105 റണ്‍സ്. തുടർച്ചയായ പന്തുകളിൽ ഗില്ലിനേയും (31) കോഹ്ലിയേയും (1) നഷ്ടപ്പെട്ടെങ്കിലും ഒരറ്റത്ത് ഉറച്ചു നിന്ന ക്യാപ്റ്റൻ രോഹിത് ശർമ കിവികളെ സമ്മർദ്ദത്തിലാക്കി നിർത്തി. ഒടുവിൽ 83 പന്തിൽ 76 റണ്‍സെടുത്ത രോഹിതിനെ രചിൻ രവീന്ദ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലാഥം സ്റ്റ്മ്പ് ചെയ്തു പുറത്താക്കി. പിന്നാലെ എത്തിയ ശ്രേയസ്സ് അയ്യരും (62 പന്തിൽ 42), അക്സർ പട്ടേലും (40 പന്തിൽ 29) ടീമിനെ വിജയതീരത്തേക്ക് അടുപ്പിച്ചു. ഇരുവരും പുറത്തായ ശേഷം വന്ന ഹർദ്ദിക് പാണ്ഡ്യ (17 പന്തിൽ 18) കിവികളെ വിറപ്പിച്ച ശേഷം പുറത്തായി. തുടർന്ന് കെഎൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലേക്ക് നയിച്ചു.