ദില്ലി: ലോകോത്തര മൊബൈൽ നിർമ്മാണ കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെയുള്ള ചില നിർണായക തീരുമാനങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്മാർട്ട് ഫോണ് ഭാഗങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളയാനുള്ള തീരുമാനം മൊബൈൽ നിർമ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ളത്. ആപ്പിളും ഷവോമിയും അടക്കമുള്ള ആഗോള കമ്പനികളുടെ കൂടുതൽ മൊബൈൽ നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിൽ സജ്ജമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അമേരിക്കയും ചൈനയും തമ്മിൽ ഉണ്ടാവാൻ സാധ്യതയുള്ള വ്യാപാരയുദ്ധം മുൻനിർത്തി ചൈനയിൽ നിർമ്മാണ യൂണിറ്റുകളുള്ള പല മൊബൈൽ കമ്പനികളും മറ്റു വിപണികളിലേക്ക് മാറാനുള്ള സാധ്യതയും ഇന്ത്യ മുൻകൂട്ടി കാണുന്നു.
ഇറക്കുമതി തീരുവ പിൻവലിച്ചതോടെ ഇന്ത്യയിൽ മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതോടെയാണിത്. സർക്യൂട്ട് ബോർഡ്, ക്യാമറ മൊഡ്യൂൾ ഭാഗങ്ങൾ, യുഎസ്ബി കേബിൾ എന്നിവയും ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ സാധനങ്ങളുടെ പട്ടികയിൽപ്പെടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ 2.5 ശതമാനം ഇറക്കുമതി തീരുവയായിരുന്നു ഇവയ്ക്ക് ഏർപ്പെടുത്തിയിരുന്നത്.
ഇന്ത്യ ഇറക്കുമതി ഉത്പന്നങ്ങൾക്ക് കടുത്ത നികുതി ഏർപ്പെടുത്തുന്നതിനെ വിമർശിക്കുന്ന ട്രംപിനെ മെരുക്കാനും പുതിയ നീക്കത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണം കഴിഞ്ഞ ആറ് വർഷത്തിനിടെ ഇരട്ടിയിലേറെയായിരുന്നു. 2024ൽ 115 ബില്യൺ ഡോളർ മൂല്യമുള്ള ഇലക്ട്രോണിക് നിർമാണം ഇന്ത്യയിൽ നടന്നു. നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളും വിപണിയും കൂടിയാണ് ഇന്ത്യ.