ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ ന്യൂസിലാൻഡ് ഉയർത്തിയത് 252 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ് നിശ്ചിത അൻപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റണ്‍സാണ് നേടിയത്.
ഓപ്പണർമാരായ രചിൻ രവീന്ദ്രയും (൩൭) യംഗും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൌളർമാർ കിവീസിനെ ശരാശരി സ്കോറിൽ ഒതുക്കുകയായിരുന്നു.
അവസാന ഓവറുകളിൽ 40 പന്തിൽ 53 റണ്‍സ് നേടി മൈക്കിൾ ബ്രേസ്വെൽ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 101 പന്തിൽ 63 റണ്‍ നേടിയ ഡാരിയൽ മിച്ചലാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
ഇന്ത്യയ്ക്ക് വേണ്ടി വരുണ്‍ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. പേസർമാരായ ഷമിയും ഹർദിക്കും നന്നായി റണ്‍ വിട്ടുകൊടുത്തെങ്കിലും രവീന്ദ്ര ജഡേജയും അക്സർ പട്ടേലും അടങ്ങിയ സ്പിൻ നിര കിവീസ് ബാറ്റർമാരെ വരിഞ്ഞു കെട്ടി.