ഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 12 ഇടത്തും ഇൻഡ്യാ മുന്നണി മുമ്പിൽ. ബംഗാൾ,ഹിമാചൽ പ്രദേശ്, ബീഹാർ പഞ്ചാബ്,തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ബംഗാളിലെ റായി ഗഞ്ചിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ റായ് ഗഞ്ചിൽ ടി.എം.സി യുടെ കൃഷ്ണ കല്യാണിയാണ് അട്ടിമറി വിജയം നേടിയത്. 50,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൃഷ്ണ കല്യാണിയുടെ വിജയം. ബംഗാളിലെ മറ്റൊരു സീറ്റായ ബാഗ്ടയിലും തൃണമൂൽ ആധിപത്യം പുലർത്തി. ഇവിടെ മധുപർണ താക്കൂർ 33455 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബംഗാളിലെ നാല് സീറ്റുകളിലും ടിഎംസിയാണ് മുന്നിൽ.
ഇതിൽ മൂന്നെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഹിമാചൽ പ്രദേശിലെ ദെഹ്റ സീറ്റിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങിന്റെ ഭാര്യക്ക് ജയം. ഉത്തരാഖണ്ഡിൽ കോൺഗ്രസ് മുന്നേറ്റം കാഴ്ച്ചവെച്ചപ്പോൾ ബീഹാറിൽ ജെഡിയുവും തമിഴ്നാട്ടിൽ ഡിഎംകെയും മുന്നിലാണ്.