ദില്ലി: പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നൽകണമെന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ആവശ്യം ഇന്ത്യ തള്ളിയേക്കും. അതേസമയം രാജ്യത്ത് പടർന്ന വിപ്ലവത്തെ ഹസീന അടിച്ചമർത്താൻ ശ്രമിച്ചെന്നും പുതിയ ഒൻപത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബംഗ്ലാദശ് ഇന്ത്യയെ അറിയിച്ചു.
യുദ്ധക്കുറ്റങ്ങളിൽ നടപടി സ്വീകരിക്കാൻ ഷെയ്ഖ് ഹസീന സർക്കാർ സ്ഥാപിച്ച ട്രിബ്യൂണൽ നിലവിൽ അവർക്കെതിരെ അന്വേഷണം നടത്തുകയാണ്. ഹസീനയുടെ ഭരണം രാജ്യത്തിൻറെ പുരോഗതിയെ അടിച്ചമർത്തിയെന്ന ആക്ഷേപവും ബിഎൻപി ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ ഹസീനയെ വിചാരണ ചെയ്യാൻ ആവശ്യപ്പെടുന്നു. നിയമപരമായ വഴിയിലൂടെ അവരെ കൈമാറണം. ഇന്ത്യക്ക് അയച്ച സന്ദേശത്തിൽ ബംഗ്ലാദേശ് ആവശ്യപ്പെടുന്നു.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം ആവശ്യം ഇന്ത്യക്ക് നിരസിക്കാൻ സാധിക്കും. ഉത്തമവിശ്വാസത്തിലും, നീതിയുക്തവുമായല്ല നടപടിയെന്ന് വിലയിരുത്തി ആവശ്യം തള്ളാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കമെന്ന് സൂചനയുണ്ട്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കഴിഞ്ഞ ദിവസം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ക്ക് ഹസീനയിലേക്ക് സംഭാഷണം നീങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
അതേ സമയം ഹസീന എത്രകാലം കൂടി ഇന്ത്യയിൽ കാണുമെന്നോ , എവിടെയാണ് പാർപ്പിച്ചിട്ടുള്ളതെന്നോയുള്ള വിവരം സർക്കാർ ഇനിയും പുറത്ത് വിട്ടിട്ടില്ല. ബംഗ്ലാദേശ് സർക്കാരുമായി നല്ല ബന്ധം തുടരാൻ ആഗ്രഹിക്കുന്ന ഇന്ത്യ ഷെയ്ഖ് ഹസീനയെ അധികകാലം ഇവിടെ തങ്ങാൻ അനുവദിച്ചേക്കില്ല. എന്നാൽ അവർ സുരക്ഷിതമായൊരിടത്തേക്ക് മാറുകയാണെന്ന് ഇന്ത്യ ഉറപ്പിക്കും എന്നാണ് വിദേശകാര്യ വിദഗ്ദ്ധർ പറയുന്നത്.