ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചികയിൽ ഇന്ത്യ പുറകിലേക്ക് പോകുന്നു. ബംഗ്ളാദേശിനും പിന്നിലാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം. യു എൻ ഡി പി പുറത്ത് വിട്ട സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 132 ആമതാണ്.
2020ൽ ഇന്ത്യയുടെ സ്ഥാനം 130ൽ ആയിരുന്നു.നോർവേയാണ് ഒന്നാം സ്ഥാനത്തുള്ള രാജ്യം.
2021ലെ സൂചികയിൽ ബംഗ്ലാദേശ് 129 ആം സ്ഥാനത്തായിരുന്നു. ശ്രീലങ്ക 73 ആം സ്ഥാനത്തും ചൈന 79 ആം സ്ഥാനത്തുമാണ് ഇപ്പോൾ. ഭൂട്ടാൻ 127ആം സ്ഥാനത്തുണ്ട്.ഒരു രാജ്യത്തിൻ്റെ സമഗ്രവികസനം കാണിക്കുന്ന സൂചികയാണ് മാനവ വികസന സൂചിക. ഇത് രൂപപ്പെടുത്തിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ്.
ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ രാജ്യത്തിൻ്റെ സാമ്പത്തികസ്ഥിതിയെ മാത്രം കാണിക്കുമ്പോൾ ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവകൂടി പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ രാജ്യത്തിൻ്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് വികസനത്തിൻ്റെ മാനദണ്ഡമായി ഇതിനെ ലോകം കാണുന്നത്.