“ ഇന്ദ്രൻസ് സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ്സ് പരീക്ഷ എഴുതി”…ഇന്ന് സമൂഹമാധ്യമങ്ങളിൽ കേട്ട ഏറ്റവും മനോഹരമായ വാർത്ത. സ്ക്കൂളിൽ പോകാൻ പുസ്തകമോ വസ്ത്രമോ ഇല്ലാത്തതിനാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം എന്ന മോഹം വീണ്ടും തിരിച്ചു പിടിക്കുകയാണ് ഈ 68 കാരൻ. സംസ്ഥാന,ദേശീയ ,അന്തർദേശീയ പുരസ്കാരങ്ങളൊക്കെ കയ്യിൽ കിട്ടിയപ്പോൾ ആ മുഖത്ത് തെളിഞ്ഞ ചിരിയേക്കാൾ ഏറെ ഭംഗിയുളളതായിരുന്നു ഇന്ന് വീണ്ടും ഏഴാം ക്ലാസ്സ് പരീക്ഷാ ചോദ്യപേപ്പർ കയ്യിൽ കിട്ടയപ്പോഴുളള ചിരി. സുരേന്ദ്രൻ കൊച്ചുവേലു അഥവാ കെ. സുരേന്ദ്രൻ എന്നായിരുന്നു ഇന്ദ്രൻസിന്റെ ആദ്യത്തെ പേര് . കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ ഏതെങ്കിലും ജോലി തിരഞ്ഞെടുക്കുക അല്ലാതെ വേറെ വഴി ഇല്ലെന്നായി. അമ്മാവനോടൊപ്പം ചേർന്ന് തയ്യൽ ജോലി ആരംഭിച്ചു. നന്നായി കുപ്പായങ്ങൾ തുന്നാൻ പഠിച്ചു.സിനിമയിൽ താരങ്ങളൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തു.
സമ്മേളനം എന്ന ചിത്രത്തിലൂടെ യാദൃശ്ചികമായി അഭിനയ രംഗത്തേക്ക്, 250 ലേറെ ചിത്രങ്ങൾ…2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം, ഹോം എന്ന ചിത്രത്തിന് 2023 ലെ സ്പെഷൽ ജൂറി ദേശീയ പുരസ്കാരം എന്നിങ്ങനെ നീളുന്നു അഭിനയ ജീവിതത്തിലെ നേട്ടങ്ങൾ. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം.ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്നതാണ് സാക്ഷരതാമിഷന്റെ ചട്ടം.അത് കൊണ്ടാണ് ഏഴാം ക്ലാസ്സ് പരീക്ഷയിലൂടെ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.
പഠിക്കാനായില്ലെങ്കിലും പുസ്തക വായന ജീവിത്തതിന്റെ ഒരു ഭാഗമായിരുന്നു എന്നും…നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിൻ്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറയുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെൻട്രൽ സ്കൂളിൽ വച്ചാണ് ഇന്ദ്രൻസ് ഇന്ന് പരീക്ഷ എഴുതിയത്. “അഭിനന്ദനങ്ങൾ ശ്രീ. ഇന്ദ്രൻസ്’ എന്ന അടിക്കുറിപ്പിൽ ഇന്ദ്രൻസിൻ്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ചിരുന്നു.സാക്ഷരതാ മിഷന്റെ അംബാസട്ടർ കൂടിയാണ് ഇന്ദ്രൻസിപ്പോൾ.