കൊച്ചി: സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്കായി ആസ്ട്രേലിയയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള വരുന്നു. നടനും, എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിൻ്റെ ഫെസ്റ്റിവൽ ഡയറക്ടറായിട്ടുള്ള ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ ഓഫ് ഓസ്ട്രേലിയ (ഐ.എം.എഫ്.എഫ്.എ) ആണ് പ്രവാസി മലയാളികളുടെ സിനിമാ സ്വപ്നങ്ങൾക്ക് തുണയാവുന്നത്.
കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ-ദീർഘ ചിത്രങ്ങൾ ഓസ്ട്രേലിയയിൽ മലയാളം ചലച്ചിത്ര മേളകളിൽ ഉൾപ്പെടുത്തുക,കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികൾ സിനിമയുടെ ചിത്രീകരണവുമായ് ബന്ധപ്പെട്ട് ഓസ്ട്രേലിയയിലേക്ക് എത്തുന്നുവെങ്കിൽ ചിത്രീകണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകുക, കേരളത്തിൽ പുതുമുഖങ്ങൾക്കും പ്രവാസി കലാകാരന്മാർക്കും അവസരം നൽകി ചെറിയ ബഡ്ജറ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങൾ ഓസ്ട്രേലിയയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
ജോയ് കെ മാത്യുവിന്റെ വാക്കുകൾ
“2024 മാർച്ച് 31ന് ഉള്ളിൽ ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഹ്രസ്വ-ദീർഘ മലയാള സിനിമകളാണ് ആദ്യ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വർഷങ്ങളിൽ പുരസ്കാരം നൽകുക. മലയാള സിനിമരംഗത്തെ പ്രശസ്തർ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കിൽ നിർമാതാവിന് പ്രത്യേകം രൂപകല്പന ചെയ്ത ശിൽപ്പവും ഫെസ്റ്റിവൽ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ-താമസ സൗകര്യങ്ങളും ഐ.എം.എഫ്.എഫ്.എ. നൽകും.”
മലയാളചലച്ചിത്ര രംഗത്തെ പ്രമുഖ നിർമ്മാതാവും മരിക്കാർ ഫിലിംസിന്റെ ഉടമയുമായ ഷാഹുൽ ഹമീദ് ഐ.എം.എഫ്.എഫ്.എ.യുടെ ലോഗോ പ്രകാശനം ചെയ്തു. മാർഷൽ ജോസഫ്, മജീഷ്, വിപിൻ, റിജോ, ആഷ, ശരൺ, ഇന്ദു എന്നിവരും ചടങ്ങിൽ സംസാരിച്ചു. പിആർഒ: പി ആർ സുമേരൻ.
കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾ അയയ്ക്കേണ്ടതുമായ ഇമെയിൽ. ചിത്രങ്ങൾ 2024 ജൂലൈ 30ന് മുൻപായ് അയക്കണം.