ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം അട്ടിമറിയെന്ന് നിഗമനം. കഫേയിൽ നടത്തിയ പരിശോധനയിൽ സ്ഫോടന വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഉപയോഗിച്ച് നടത്തിയ സ്ഫോടനമാണിതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഹോട്ടലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് സ്ഫോടനമുണ്ടായതെന്നാണ് ഹോട്ടലുടമകളെ ഉദ്ധരിച്ച് ചില കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ ഹോട്ടൽ ജീവനക്കാരടക്കം ഒൻപത് പേർക്ക് പരിക്കേറ്റതായും ആരുടേയും നില ഗുരുതരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരെല്ലാം ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് കർണാടക പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ അന്വേഷണ ഏജൻസി സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഫോറൻസിക് ലബോറട്ടറി എന്നിവയുടെ ഒരു സംഘം കഫേയിലെത്തി പരിശോധന നടത്തി.
“ഉച്ചയ്ക്ക് 12.30 ഓടെ സ്ഫോടനമുണ്ടായതായാണ് വിവരം. സ്ഫോടനസ്ഥലത്ത് ഒരു ബാഗുണ്ടായിരുന്നു. അത് ഐഇഡി സ്ഫോടകവസ്തുക്കളായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ് – സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“രാമേശ്വരം കഫേ സ്ഥാപകൻ ശ്രീ നാഗരാജിനോട് തൻ്റെ റെസ്റ്റോറൻ്റിലെ സ്ഫോടനത്തെക്കുറിച്ച് സംസാരിച്ചു. ഒരു കസ്റ്റമർ ഉപേക്ഷിച്ച ബാഗ് കാരണമാണ് സ്ഫോടനമുണ്ടായതെന്നും സിലിണ്ടർ പൊട്ടിത്തെറിച്ചതല്ലെന്നും അദ്ദേഹം എന്നെ അറിയിച്ചു. അവരുടെ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്ഫോടനം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയിൽ നിന്ന് വ്യക്തമായ ഉത്തരം ബെംഗളൂരു നിവാസികൾക്ക് ആവശ്യമുണ്ട്” – ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു.