സ്ത്രീകള്‍ക്കെതിരായ ഒരു സിനിമ താന്‍ ഒരിക്കലും എടുക്കില്ലെന്ന് സംവിധായകന് കമല്‍. വിവേകാനന്ദന് വൈറലാണ് എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.
ആദ്യം തന്നെ പറയാം. സ്ത്രീകള്‍ക്കെതിരെ ഒരു സിനിമ ഞാന്‍ എടുക്കില്ല. കാരണം അതെന്റെ പോളിസിയാണ്. എന്റെ നിലപാടാണ്. ഇത്രയും കാലം സിനിമയെടുത്തിട്ട് സ്ത്രീകളെ മോശമാക്കുന്ന തരത്തിലുള്ളതോ സ്ത്രീകള്ക്കെതിരയാതോ ആയ സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഇനി ചെയ്യുകയും ഇല്ല. ഏത് പുരുഷന് ഇനി എന്റെ അടുത്ത് എതിര്‍പ്പായിട്ട് വന്നാലും ഞാന്‍ അത് ചെയ്യില്ല. – കമല്‍
ഷൈന്‍ ടോം ചാക്കോയെ നായകനായി എത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദന് വൈറലാണ്. ചിത്രത്തില്‍ സ്ത്രീകള്‍ ഭര്ത്താക്കന്മാരില് നിന്നും നേരിടുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. റിലീസ് ചെയ്ത് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിനെതിരെ ഒരു പ്രേക്ഷകന് പരാതി നല്‍കിയിരിക്കുകയാണ്.
ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പരാതി. പുരുഷന്മാരെ മോശമായി ചിത്രീകരിച്ചു എന്നതിന്റെ പേരിലാണ് പ്രേക്ഷകന് പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദന് വൈറലാണ്. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.