കരീബിയന്‍ കടലില്‍ രൂപപ്പെട്ട ഇയാന്‍ ചുഴലിക്കാറ്റായി ക്യൂബയുടെ തീരത്തെത്തി. പടിഞ്ഞാറന്‍ ക്യൂബയിലെത്തിയ കാറ്റ് കൂടുതല്‍ കരുത്താര്‍ജിച്ച് ഫ്ളോറിഡയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ക്യൂബയിൽ ഇന്നലെ വീശിയടിച്ച കാറ്റിൽ വ്യാപക നാശ നഷ്ടമാണുണ്ടായത്. 11 ദശലക്ഷം ആളുകളെ ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് ക്യൂബയിലെ പിനാർ ഡെൽ റിയോ പ്രവിശ്യയിൽ വ്യാപക നാശനഷ്ടമുണ്ടായി. അവിടെ ഉദ്യോഗസ്ഥർ 55 ഷെൽട്ടറുകൾ സ്ഥാപിക്കുകയും 50,000 ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കൂടാതെ രാജ്യത്തെ പ്രധാന പുകയില ഉൽപ്പാദിപ്പിക്കുന്ന മേഖലയിലെ വിളകൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു. മണിക്കൂറിൽ 205 കി.മീ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
മെക്സിക്കോയിലെത്തുന്നതോടെ കാറ്റഗറി 4 ചുഴലിക്കാറ്റായി ഇയാന്‍ ശക്തി പ്രാപിക്കും. ബുധനാഴ്ച ടംപ ബേ ഏരിയയില്‍ കാറ്റ് കരതൊടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ‘ഈ കാറ്റിനെ വളരെ ഗൗരവത്തോടെ കാണണം. ഇതൊരു മോക്ക് ഡ്രില്ലല്ല, യാഥാര്‍ത്ഥ്യമാണ്,’ ഹില്‍സ്ബര്‍ഗ് കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്റ്റര്‍ തിമോത്തി ഡുഡ്ലി പറഞ്ഞു. കനത്ത കാറ്റും മഴയും തിരമാലകളും ക്യൂബയില്‍ അനുഭവപ്പെടുമെന്നും യുഎസ് ഹറികേന്‍ സെന്റര്‍ അറിയിപ്പുണ്ട്.